ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പമ്പ: പമ്പാമണപ്പുറത്ത് മൂവായിരത്തിലേറെ ഭക്തരെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിന് തിരി തെളിയിച്ചു. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടക്കുന്ന സംഗമ സമ്മേളനം ഇന്ന് രാവിലെയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വിഎൻ വാസവനായിരുന്നു സംഗമത്തിൻ്റെ അധ്യക്ഷൻ.

പതിനഞ്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 3,500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുന്നു. രാവിലെ ഭജനയ്ക്കുശേഷം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർഥനയോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. മൂന്ന് സെഷനുകളിലായി നടക്കുന്ന ചർച്ചകളിൽ റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എംജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടർന്ന് സമാന്തര ചർച്ചകളും നടക്കും.

ഉച്ചയ്ക്ക് 12ന് തത്ത്വമസി, ശ്രീരാമ സാകേതം, ശബരി വേദികളിലായി ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ട്, ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേ സമയം ചർച്ചകൾ നടക്കും. ഉച്ചയ്ക്ക് രണ്ടിന് വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടിയും 3.20ന് ചർച്ചകളുടെ സമാഹരണവും ഉണ്ടാവും.അതിനു ശേഷം പ്രതിനിധികൾക്ക് ശബരിമല ദർശനത്തിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്ഷണിതാക്കളായി പ്രത്യേക അതിഥികൾ

തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. സംസ്ഥാന മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, കെബി ഗണേഷ് കുമാർ, വീണാ ജോർജ്, സജി ചെറിയാൻ, സർക്കാർ ചീഫ് വിപ്പ് ഡോ എൻ ജയരാജ്, എംഎൽഎമാരായ കെയു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരും പങ്കെടുക്കുന്നുണ്ട്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നായർ സർവീസ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് എം സംഗീത് കുമാർ, കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മല അരയ മഹാസഭ ജനറൽ സെക്രട്ടറി പികെ സജീവ്, കേരള ബ്രാഹ്മണ സഭ പ്രതിനിധി കരിമ്പുഴ രാമൻ, ഗോകുലം ഗോപാലൻ എന്നിവരും സന്നിഹിതരാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, ശബരിമല തന്ത്രി മഹേഷ് മോഹനർ എന്നിവരുൾപ്പെടെയുള്ള വിവിധ സംഘടനാ, സമുദായ പ്രതിനിധികൾ സംഗമത്തിൻ്റെ ഭാഗമാകുന്നുണ്ട്. പമ്പയിലും പരിസരങ്ങളിലും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശബരിമലയിലെ അടിസ്ഥാന സൗകര്യം പ്രധാന ചർച്ച

ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനമാണ് സംഗമത്തിൽ പ്രധാന ചർച്ചാവിഷയം. 3,000 പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ 1,300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പദ്ധതികൾ അവതരിപ്പിക്കും. ഈ പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ സ്പോൺസർമാരെ കണ്ടെത്തുകയാണ് സംഗമത്തിൻ്റെ പ്രധാന ലക്ഷ്യം. ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സംഗമം നടത്തണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാൽ ദേവസ്വം ബോർഡും പൊലീസും ക‍ർശന ജാഗ്രതയിലായാണ്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിലാണ് സംഗമ സ്ഥലത്തെത്തിയത്. ദേവസ്വം മന്ത്രി വിഎൻ വാസവനാണ് ഇരുവരെയും പ്രധാന വേദിയിലേക്ക് സ്വാഗതം ചെയ്തത്. എൻഎസ്എസ് വൈസ് പ്രസിഡൻ്റ് സംഗീത് കുമാറും അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്

യോഗി ആദിത്യനാഥിൻ്റെ ആശംസ

ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ നേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദേശം അയച്ചതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു. പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൻ്റെ വേദിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. സംഗമത്തിന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും ഇത് ഒരു ചരിത്രസംഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗോള അയ്യപ്പ സംഗമത്തിന് കഴിയട്ടെയെന്ന് യോഗി ആദിത്യനാഥ് ആശംസിച്ചു. ധർമത്തിൻ്റെ ദിവ്യരക്ഷകനാണ് അയ്യപ്പൻ. അദ്ദേഹത്തെ ആരാധിക്കുന്നത് ധർമത്തിൻ്റെ പാതയെ പ്രകാശിപ്പിക്കാനും സാത്വിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ഭക്തരെ പ്രചോദിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് സന്ദേശത്തിൽ വ്യക്തമാക്കി.

ക്ഷണം സ്വീകരിക്കാതെ തെലങ്കാന, ആന്ധ്ര സർക്കാരുകൾ

ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് സർക്കാർ പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. കർണാടക, ഡൽഹി, തെലങ്കാന, ആന്ധ്ര സർക്കാരുകളെയാണ് ദേവസ്വം ബോർഡ് പ്രധാനമായും ക്ഷണിച്ചിരുന്നത്. എന്നാൽ ഇവർ ആരും ക്ഷണം സ്വീകരിച്ചില്ല. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് ദേവസ്വം ബോർഡ് സംഘടിപ്പിച്ച സംഗമത്തിൽ, ഭക്തർ കൂടുതലെത്തുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികൾ ഇല്ലാത്തത് ശ്രദ്ധേയമായി. സർക്കാർ പ്രതിനിധികൾ എത്തിയില്ലെങ്കിലും ഈ സംസ്ഥാനങ്ങളിൽ നിന്ന് ഭക്തർ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ബോർഡിന് രാഷ്ട്രീയമില്ലെന്നും വികസനം മാത്രം ലക്ഷ്യമിട്ടാണ് സംഗമം നടത്തിയതെന്നും അതിനാൽ രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവരെയും ക്ഷണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയങ്ങൾ അവതരിപ്പിക്കുന്നത് 10 അംഗ സംഘം

ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഭാഗമായി മൂന്ന് വേദികളിലായി നടന്ന ചർച്ചകളിൽ 10 അംഗ സംഘമാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. പ്രധാന വേദിയായ തത്ത്വമസിയിൽ നടന്ന ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ പ്രൊഫ ബെജൻ എസ് കോത്താരി, മുൻ ചീഫ്‌ സെക്രട്ടറി ഡോ കെ ജയകുമാർ, ഡോ പ്രിയാഞ്ജലി പ്രഭാകരൻ എന്നിവർ പാനലിസ്റ്റുകളാണ്. ആത്മീയ ടൂറിസം സർക്യൂട്ട് സെഷന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടികെഎ നായർ, കേരള ടൂറിസം സെക്രട്ടറി കെ ബിജു, കേരള ട്രാവൽമാർട്ട് സ്ഥാപകൻ എസ് സ്വാമിനാഥൻ, സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബേബി മാത്യു എന്നിവർ പാനലിസ്റ്റുകളാവും.

മൂന്നാമത്തെ വേദിയായ ശബരിയിൽ ആൾക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്ന വിഷയത്തിൽ സെഷൻ നടക്കും മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി എസ് ശ്രീജിത്ത്, ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ ബി പത്മകുമാർ എന്നിവരാണ് ഈ സെഷനിലെ പാനലിസ്റ്റുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*