ആഗോള അയ്യപ്പ സംഗമം: സർക്കാർ- ബി ജെ പി പോര് മുറുകുന്നു

ശബരിമലയെചൊല്ലി വീണ്ടും രാഷ്ട്രീയപോര്. ദേവസ്വം വകുപ്പും സർക്കാരും ചേർന്ന് പമ്പയിൽ സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ ശബരിമല വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.

ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ ആലോചന നടന്നത് ഈ മാസം ആദ്യമായിരുന്നു. സംഗമത്തിൻ്റെ നടത്തിപ്പിനായി മന്ത്രിമാർ, ജനപ്രതിനിധികൾ, ഭരണതലത്തിലെ പ്രമുഖ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 1000 പേരുള്ള സംഘാടക സമിതിയും നേരത്തെ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ, ആന്ധ്ര, കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നീ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിതികളായി പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ പ്രഖ്യാപനം. അയ്യപ്പ ഭക്തന്മാർ ഏറ്റവും കൂടുതൽ എത്തിച്ചേരുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ അയ്യപ്പ സംഗമത്തിൻ്റെ തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ നിലപാട് മാറ്റി. ഇടതു സർക്കാരുമായി നല്ല ബന്ധം പുലർത്തുന്ന തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മാത്രം പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ ചെന്നൈയിൽ നേരിട്ടെത്തി മുഖ്യമന്ത്രി ക്ഷണിച്ചു.

ആഗോള അയ്യപ്പ സംഗമം സി പി ഐ എം രാഷ്ട്രീയ മുതലെടുപ്പിനായാണ് സംഘടിപ്പിക്കുന്നതെന്ന ആരോപണവുമായി ഇതോടെ ബി ജെ പി രംഗത്തെത്തുകയായിരുന്നു. പരിപാടിയിൽ മുഖ്യാതിഥിയായി എം കെ സ്റ്റാലിൻ പങ്കെടുത്താൽ തടയുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചതോടെ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കുകയായിരുന്നു. ബിജെപിയുടെ ഭീഷണിയെ അവഗണിച്ച് സംഗമത്തിൽ പങ്കെടുക്കാൻ സ്റ്റാലിൻ തയ്യാറായില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം എന്നും സർക്കാരിന് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ വാദം. സിങ്കപ്പൂർ സ്വദേശിയായ ഒരു അയ്യപ്പ ഭക്തൻ്റെ നിർദേശമായിരുന്നു ആഗോള അയ്യപ്പസംഗമമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ശബരിമലയുടെ പ്രശസ്തി ലോകത്താകമാനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന സംഗമത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നുള്ളൂവെന്നാണ് സർക്കർ ‌തുടർന്ന് വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാർ കള്ളം പ്രചരിപ്പിക്കുകയാണ് എന്നും, സർക്കാർ നേരിട്ട് നടത്തുന്ന പരിപാടിയാണിതെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ആഗോള അയ്യപ്പസംഗമം എന്ന പരിപാടി നടത്തുന്നതെന്നുമാണ് ബി ജെ പി ആവർത്തിക്കുന്നത്. എന്നാൽ എൻ എസ് എസ് ആഗോള അയ്യപ്പസംഗമത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത് സർക്കാരിന് പിടിവള്ളിയായിരിക്കയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*