ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കു പിന്നാലെ ആഗോള അയ്യപ്പസംഗമവും സംസ്ഥാന സര്‍ക്കാരിന് കടുത്ത തലവേദനയായി മാറുകയാണ്. സെപ്റ്റംബറില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ 10 കോടിയോളം ചിലവായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പമ്പയിലെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്കായി മൂന്നാറിലും കുമരകത്തും മറ്റുമായാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. സംഗമത്തില്‍ പങ്കെടുക്കാനായി ആളുകളെ എത്തിക്കുന്നതിനായി 37 ലക്ഷം രൂപ ടാക്സിയിനത്തില്‍ ചിലവായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിപാടി നടക്കുന്നതിന്റെ തലേദിവസം 3000 പേര്‍ ആഹാരം കഴിച്ചുവെന്നതുള്‍പ്പെടെ നിരവധി രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പത്തുകോടി രൂപയാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ചിലവായി കണക്കാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒരു ദിവസത്തെ താമസത്തിനായി കട്ടിലും കിടക്കയും ഒരുക്കുന്നതിനായി രണ്ട് ലക്ഷം രൂപയാണ് ചിലവനായത്. ഒരു ലക്ഷം രൂപ കട്ടിലും മെത്തയും വാങ്ങിയതിനുമാത്രം ചിലവായെന്നാണ് കണക്ക്. ഈ കട്ടിലും മെത്തയും പിന്നീട് എങ്ങോട്ട് പോയെന്നും വ്യക്തമല്ല.
സര്‍ക്കാരിന് ആഗോള അയ്യപ്പസംഗമത്തില്‍ നേരിട്ട് ബന്ധമില്ലെന്നും സംഗമവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവാദങ്ങളിലും ദേവസ്വം ബോര്‍ഡ് മറുപടി പറയുമെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. സ്വര്‍ക്കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിലേറെയായി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന ആഗോള അയ്യപ്പസംഗമ വിവാദവും കത്തുന്നത്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുണ്ടായ വരവ് ചിലവ് കണക്കുകളിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡാണ് കണക്കുകള്‍ പറയേണ്ടതെന്നും, ദേവസ്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നുമാണ് മന്ത്രി പറയുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അത് ദേവസ്വവുമായി ബന്ധപ്പെട്ടുള്ളതാണെന്നുള്ള നിലപാടിലാണ്. എന്നാല്‍ ആഗോള അയ്യപ്പസംഗമ വിവാദം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കയാണ്. അയ്യപ്പസംഗമത്തിന് ഇത്രയും തുക ചിലവഴിച്ചിട്ടില്ലെന്നാണ് മുന്‍ ദേവസ്വം അധ്യക്ഷന്‍ പി എസ് പ്രശാന്തിന്റെ പ്രതികരണം. ദേവസ്വം വകുപ്പില്‍ നിന്നും കൈപ്പറ്റിയ തുക തിരികെ നല്‍കിയെന്നാണ് മന്ത്രിയും മുന്‍ ദേവസ്വം പ്രസിഡന്റും പറയുന്നത്. എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാരിന് തുക തിരിച്ചു നല്‍കിയിട്ടില്ലെന്നു മാത്രമല്ല, സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കേണ്ട പണം ലഭിച്ചില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ബില്ലുകളില്‍ ഉണ്ടായിരിക്കുന്ന മിക്ക വസ്തുക്കളും എങ്ങോട്ടുപോയെന്നും നിശ്ചയമില്ല.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളും ചില സാമുദായിക സംഘടനകളുമായുള്ള അകല്‍ച്ചയും പരിഹരിക്കുന്നതിനും സമുദായ നേതാക്കളെ ഒപ്പം നിര്‍ത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയുമായിരുന്നു ആഗോള അയ്യപ്പസംഗമത്തിലൂടെ ഇടതുമുന്നണി ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാരും ഇടതുമുന്നണിയും ആഗോള അയ്യപ്പസംഗമത്തിന്റെ വിജയത്തിനായി വന്‍ പ്രചാരണമാണ് നടത്തിയിരുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനായി ദേവസ്വം മന്ത്രി നേരിട്ട് ചെന്നൈയിലെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചിരുന്നു. സര്‍ക്കാരിന് അയ്യപ്പ സംഗമത്തില്‍ നേരിട്ട് പങ്കില്ലെന്ന വാദം അന്നേ പൊളിഞ്ഞതാണ്. ശബരിമലയില്‍ ദ്വാരപാലക ശില്‍പ്പത്തിന്റെ മകുടം കാണാനില്ലെന്ന പരാതിക്കു പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും, അയ്യപ്പസംഗമത്തിന്റെ ഖ്യാതി തടയാനുള്ള നീക്കമാണെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്റെ ആരോപണം.
കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്തായിരുന്നു എന്നിപ്പോഴും വ്യക്തമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ശബരിമല ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ ഖ്യാതി ലോകത്തിന് മുന്നിലെത്തിക്കുകയെന്നതായിരുന്നു ആഗോള അയ്യപ്പസംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്നായിരുന്നു ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 1000 ല്‍ ഏറെ അയ്യപ്പ ഭക്തര്‍ പ്രതിനിധികളായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിദേശത്തുനിന്നും പ്രഖ്യാപിച്ച അത്രയും പ്രതിനിധികള്‍ എത്തിയിരുന്നില്ല.
ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തവരുടെ ഏണ്ണം സംബന്ധിച്ചും തര്‍ക്കം ഉണ്ടായിരുന്നു. സംഗമം കഴിഞ്ഞ അഞ്ചുമാസത്തിന് ശേഷമാണ് ഈ സംഗമത്തിന്റെ പേരില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്നവിവരം പുറത്തുവന്നിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഒരേപോലെ സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും വെട്ടിലാക്കിയ പരാമര്‍ശങ്ങളുള്ളത്. സ്പോണ്‍സര്‍മാരില്‍ നിന്നും ലഭിക്കേണ്ട തുക ലഭിച്ചില്ലെന്നും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് തിരികെ കൊടുക്കേണ്ട പണം തിരികെ കൊടുത്തില്ലെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍. ഇപ്പോഴിതാ നടത്താത്ത പരിപാടിക്കുപോലും പണം നല്‍കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
കണക്കില്‍ വ്യാപകമായ ക്രമക്കേടുണ്ടായതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിനെ വീണ്ടും പ്രതിരോധത്തിലാക്കയിരിക്കയാണ്. പമ്പയില്‍ നടന്ന അയ്യപ്പസംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പരിപാടിക്ക് എട്ട് ലക്ഷം നല്‍കിയെന്ന വിവരങ്ങളാണ് ഏറെ വിവാദമായിരിക്കുന്നത്. 4.32 കോടി രൂപയാണ് ഇനി കൊടുത്തു തീര്‍ക്കാനുള്ള ബില്‍ എന്നാണ് റിപ്പോര്‍ട്ട്. ആഗോള അയ്യപ്പസംഗമത്തിന്റെ ചിലവു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് ദേവസ്വം ബോര്‍ഡിനേയും ആശങ്കപ്പെടുത്തിയിരിക്കയാണ്.
എല്ലാം സുതാര്യമാണെന്നും 10 കോടി രൂപ ചിലവായിട്ടില്ലെന്നുമാണ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്തിന്റെ പ്രതികരണം. എന്തായാലും സ്വര്‍ണക്കൊള്ളയ്ക്ക് പിന്നാലെ അയ്യപ്പസംഗമം നടത്തി വന്‍തോതില്‍ പണ്ട് തട്ടിയെടുത്തെന്ന പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതില്‍ സിപിഐഎമ്മും ആശങ്കയിലാണ്.



Be the first to comment