
ഇമെയിൽ ഇൻബോക്സുകൾ പലർക്കും തലവേദനയാണ്. ആവശ്യമില്ലാത്ത നൂറുകണക്കിന് പ്രൊമോഷണൽ മെയിലുകളും വാർത്താക്കുറിപ്പുകളും കൊണ്ട് ഇൻബോക്സ് നിറയുന്നത് സാധാരണമാണ്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്, ‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ എന്ന പുതിയ ഫീച്ചറിലൂടെ. ഏറെ നാളത്തെ പരീക്ഷണങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഈ പുത്തൻ ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ്, iOS, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഇത് ജിമെയിൽ ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സിൽ അടിഞ്ഞുകൂടുന്ന അനാവശ്യ ഇമെയിലുകളെ നിയന്ത്രിക്കാൻ വലിയൊരു സഹായമാകും.
നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള മെയിലിംഗ് ലിസ്റ്റുകൾ, പ്രതിവാര വാർത്താക്കുറിപ്പുകൾ, പ്രൊമോഷണൽ ഇമെയിലുകൾ തുടങ്ങി എല്ലാത്തരം സന്ദേശങ്ങളെയും ഒരിടത്ത് നിന്ന് എളുപ്പത്തിൽ നിയന്ത്രിക്കാനും ആവശ്യമില്ലാത്തവ അൺസബ്സ്ക്രൈബ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കുന്നു. ഇൻബോക്സ് കൂടുതൽ വൃത്തിയുള്ളതും യഥാർത്ഥത്തിൽ ആവശ്യമുള്ള സന്ദേശങ്ങൾ മാത്രം നിറഞ്ഞതുമാക്കുക എന്നതാണ് ഗൂഗിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് ഓരോ പ്രൊമോഷണൽ ഇമെയിലും തുറന്ന്, അതിൻ്റെ ഏറ്റവും താഴെ നൽകിയിട്ടുള്ള ചെറിയ അൺസബ്സ്ക്രൈബ് ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യുക എന്നത് സമയവും ക്ഷമയും ആവശ്യമുള്ള ഒരു ജോലിയായിരുന്നു. എന്നാൽ, ഈ പുതിയ ഫീച്ചറിലൂടെ ആ പ്രയാസം പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ ഫീച്ചർ കണ്ടെത്താൻ വളരെ എളുപ്പമാണ്. ആൻഡ്രോയിഡ്/iOS മൊബൈലുകളിൽ ജിമെയിൽ ആപ്പ് തുറന്ന ശേഷം, മുകളിൽ ഇടത് കോണിലുള്ള നാവിഗേഷൻ ബാറിൽ ടാപ്പ് ചെയ്യുക. പിന്നീട് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ‘ട്രാഷ്’ ഓപ്ഷന് താഴെയായി ‘മാനേജ് സബ്സ്ക്രിപ്ഷൻസ്’ എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഇത് ഇനി കമ്പ്യൂട്ടറിലാണെങ്കിൽ ജിമെയിൽ വെബ് ക്ലയൻ്റിൽ ഇടതുവശത്തുള്ള ടൂൾബാറിൽ ‘More’ എന്ന വിഭാഗത്തിന് കീഴിലാണ് ഈ പുതിയ ഓപ്ഷൻ ദൃശ്യമാകുന്നത്.
എങ്ങനെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്?
‘മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ’ പേജിൽ പ്രവേശിക്കുമ്പോൾ, സബ്സ്ക്രൈബ് ചെയ്തിട്ടുള്ള എല്ലാ മെയിലിംഗ് ലിസ്റ്റുകളുടെയും ഒരു സമഗ്രമായ പട്ടിക മുന്നിൽ തെളിയും. ഓരോ ലിസ്റ്റിംഗിനും അതിൻ്റെ പേര്, ഇമെയിൽ അയച്ച ഡൊമെയ്ൻ, ആ സേവനത്തിൽ നിന്ന് നിങ്ങൾക്ക് എത്ര ഇമെയിലുകൾ ഇതുവരെ ലഭിച്ചു, ഏറ്റവും പുതിയ ഇമെയിൽ എപ്പോൾ ലഭിച്ചു തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഉണ്ടാകും.
ഓരോ സബ്‌സ്‌ക്രിപ്‌ഷനും അടുത്തായി, വ്യക്തമായി കാണുന്ന ഒരു ‘അൺസബ്സ്ക്രൈബ്’ ബട്ടൺ ഉണ്ടാകും. ഈ ബട്ടണിൽ ഒറ്റ ക്ലിക്കിലൂടെ ആ സേവനത്തിൽ നിന്ന് എളുപ്പത്തിൽ അൺസബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും. ഇത് ഇൻബോക്സിലേക്ക് ഇനി അനാവശ്യ ഇമെയിലുകൾ വരുന്നത് ഫലപ്രദമായി തടയും.
ഒരു വർഷത്തിലേറെയായി ഗൂഗിൾ ഈ ഫീച്ചർ നിരന്തരമായി പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആൻഡ്രോയിഡിലും കഴിഞ്ഞ മാസം വെബ് ക്ലയൻ്റിലും ഇത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. ഇപ്പോൾ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് ഔദ്യോഗികമായി ലഭ്യമായതോടെ, ജിമെയിൽ ഉപയോക്താക്കൾക്ക് കൂടുതൽ വൃത്തിയുള്ളതും കാര്യക്ഷമവുമായ ഒരു ഇമെയിൽ അനുഭവം ലഭിക്കുമെന്നതിൽ സംശയമില്ല.
Be the first to comment