
പത്തനംതിട്ട: ശബരിമല ശ്രീ കോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
ശബരിമലയിലെ തിരുവാഭരണ രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകളുടെ പരിശോധനയ്ക്കായി വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് നിയോഗിച്ചു. ജസ്റ്റിസ് കെടി ശങ്കരന് അന്വേഷിക്കും. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറണം.
തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങളെല്ലാം വിഡിയോയില്‍ ചിത്രീകരിച്ചാണ് സ്വര്‍ണം പൂശിയ പാളികള്‍ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകള്‍ പരിഹരിക്കാനായി കൊണ്ടുപോയത്. അറ്റകുറ്റ പണികള്‍ക്കു ശേഷം സന്നിധാനത്ത് എത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17ന് നട തുറന്ന ശേഷമാകും സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്പങ്ങളില് പുനസ്ഥാപിക്കുക. ശ്രീകോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികള്‍ക്കും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Be the first to comment