തിരുവനന്തപുരം: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും (ഒക്‌ടോബര്‍ 22) സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ലാഭമെടുപ്പ് തുടങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നും ഒറ്റയടിക്ക് ഇത്രയും അധികം വില കുറഞ്ഞിട്ടില്ല.
വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം നല്‍കിയാണ് ഇപ്പോള്‍ സ്വര്‍ണ വില താഴ്‌ന്നത്. സംസ്ഥാനത്ത് ഇന്നലെ(ഒക്‌ടോബര്‍ 21) രാവിലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കുറഞ്ഞിരുന്ന സ്വര്‍ണവില വമ്പന്‍ കുതിച്ചുച്ചാട്ടമാണ് ഇന്നലെ രാവിലെ നടത്തിയതെങ്കില്‍ ഉച്ചയ്ക്ക് ശേഷം കുത്തനെ കുറയുന്നതാണ് കണ്ടത്.
ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,710 രൂപയിലെത്തി. പവന് 1,520 രൂപ കൂടി 97,360 രൂപയുമായിരുന്നു രാവിലെത്തെ നിരക്ക്. ഇതുവരെ രേഖപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം നിക്ഷേപകരേയും ആഭരണ പ്രേമികളേയും ഞെട്ടിച്ചുകൊണ്ട് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. ഉച്ചയ്ക്ക് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 95,760 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,970 രൂപയിലെത്തി.
ഇന്ന് (ഒക്‌ടോബര്‍ 22) പവന് ഒറ്റയടിക്ക് 2,480 രൂപയാണ് കുറഞ്ഞത്. പവന് 93,28 രൂപയായി. ഇതോടെ ഇന്നലെ ഉച്ചയ്ക്കും ഇന്നുമായി പവന് കുറഞ്ഞത് 4,080 രൂപയാണ്. സമീപകാല ചരിത്രത്തിൽ ഇത്രയധികം വലിയ ഇടിവ് ആദ്യമായാണ്.
ഗ്രാമിന് വില 310 രൂപ താഴ്‌ന്ന് 11,660 രൂപയുമെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 260 രൂപ കുറഞ്ഞ് 9,590 രൂപയിലെത്തി. വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 175 രൂപയായി. 14 കാരറ്റ് സ്വർണത്തിന് വില 7,470 രൂപയും 9 കാരറ്റിന് 4,820 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.

ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4,381 ഡോളറായിരുന്നു. ഇത് ഒറ്റയടിക്ക് കുറഞ്ഞ് 4,009.80 ഡോളറിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ 4,310 ഡോളറിലേക്ക് അല്പം വര്‍ധിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ കേരളത്തില്‍ ഗ്രാമിന് 200 രൂപയും പവന് 2,000 രൂപയും ഇനിയും കുറയേണ്ടതായിരുന്നു.
സ്വര്‍ണവില കുറയാന്‍ കാരണമായത്
യുഎസും ചൈനയും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞതോടെ വ്യാപാര യുദ്ധം അവസാനിച്ചേക്കും എന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഇതോടെയാണ് നിക്ഷേപകര്‍ ലാഭമെടുപ്പ് ആരംഭിച്ചത്. സ്വര്‍ണത്തിന്‍റെ സുരക്ഷിത നിക്ഷേപത്തിന് മങ്ങല്‍ ഏറ്റിട്ടുണ്ട്. കാരണം സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷം, വ്യാപാരയുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലാണ് നിക്ഷേപം നടത്താറുള്ളത്. ഇത് ഇല്ലാതാകുന്നുവെന്നതാണ് ഇതിന് കാരണം. മധ്യേഷ്യയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണയും സ്വർണവില ഇടിയാന്‍ കാരണമായി. ഇനിയും വില കുറയുമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.



Be the first to comment