‘ദേ പിന്നേം കൂടി’; സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് വർധിച്ചത്. അതേസമയം ഒരു ഗ്രാമിന് വർധിച്ചത് 35 രൂപയും. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,440 രൂപയും ഒരു ഗ്രാമിൻ്റെ വില 13,180 രൂപയുമായി.

തുടർച്ചയായ റെക്കോഡ് വിലക്കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണ വിലയിൽ തെല്ലൊരു ആശ്വാസമുണ്ടായിരുന്നു. വിലയിൽ ഇടിവ് സംഭവിച്ചിരുന്നെങ്കിലും സ്വർണ വില ഒരു ലക്ഷത്തിൽ തന്നെ തുടരുകയായിരുന്നു.

18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് ഒരു ഗ്രാമിന് 10,835 രൂപയാണ് ഇന്നത്തെ വില. ഇതോടെ പവന്‍ വില 86,680 രൂപയായി. അതേസമയം 14 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് വർധിച്ചത് 20 രൂപയാണ്. ഇതോടെ ഒരു ഗ്രാമിന് 8,435 രൂപയും പവന് 67,480 രൂപയുമായി കൂടി.

സാധാരണ പണിക്കൂലിയുടെ അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുക. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ ഇതിനേക്കാള്‍ തുക ഉയരാം. സ്വര്‍ണം വാങ്ങാനെത്തുന്നവർ പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്‌ടിയായി നല്‍കണം. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

2026 ജനുവരിയിലെ ആദ്യ രണ്ടാഴ്‌ച കേരളത്തിലെ സ്വർണ വിലയിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ജനുവരി ഒന്നിന് 99,040 രൂപ രേഖപ്പെടുത്തിയ സ്വർണം ചൊവ്വാഴ്‌ച 1,04,520 എന്ന റെക്കോഡ് ഉയരം തൊട്ടു. 2025 ഡിസംബർ അവസാനത്തോടെ തന്നെ സ്വർണ വില ഒരു ലക്ഷം രൂപ കടന്നിരുന്നു.

സ്വര്‍ണ വില കൂടാനുള്ള പ്രധാന കാരണങ്ങള്‍

കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇനിയും പലിശ കുറയ്ക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ ആഗോളതലത്തിൽ റെക്കോഡ് ഉയരത്തില്‍ നിലനിർത്തുന്നത്. ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വിലയിൽ സാരമായ ഇടിവിന് അത് പര്യാപ്‌തമായിട്ടില്ല. ഇറാൻ-അമേരിക്ക, റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും സ്വര്‍ണ വിലയെ കാര്യമായി ബാധിക്കുന്നുണ്ട്.

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍.

പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*