
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കുരിശു മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിൻറെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും.
മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. ‘പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപിക്കുന്നു,’ യേശു അത്യുച്ചത്തിൽ വിളിച്ചു പറഞ്ഞു. മറ്റുള്ളവർക്കായി പീഡകൾ സഹിച്ച് കുരിശിലേറി.
സഹനത്തിന്റെ യാത്രയ്‌ക്കൊടുവിലായിരുന്നു ആ മരണം. പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്ത മല വരെ കുരിശും വഹിച്ചുകൊണ്ടുള്ള യാത്ര. ചാട്ടവാറടികൾ, പരിഹാസങ്ങൾ. കുരിശുമരണത്തിലൂടെ യേശു മനുഷ്യരാശിയെ പാപങ്ങളിൽ നിന്ന് രക്ഷിച്ചു. ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു.
ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ രഹസ്യവും മഹത്വവും വ്യക്തമാക്കുന്ന പ്രാർത്ഥനകളും നടക്കും. യേശുവിന്റ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയും പ്രധാനമാണ്. സഹനത്തിന്റെയും ത്യാഗത്തിന്റെയും അസാധാരണ മാതൃകയായി മാറിയ ഈ ദിനം ക്രൈസ്തവർക്കു മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും തന്നെ വെളിച്ചം പകരുന്നതാണ്.
Be the first to comment