ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. കൂട്ടുകാരനുമായി ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്‌സല്‍ 10ലാണ് അവതരിപ്പിച്ചത്. ടൈപ്പ് ചെയ്തതോ സംസാരിച്ചതോ ആയ ലളിതമായ ഭാഷാ കമാന്‍ഡുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
സങ്കീര്‍ണ്ണമായ ഉപകരണങ്ങളുടെ ആവശ്യകത ഈ അപ്ഡേറ്റ് ഇല്ലാതാക്കുമെന്നും എല്ലാവര്‍ക്കും ഫോട്ടോ എഡിറ്റിങ് ലളിതമാക്കുമെന്നും ഗൂഗിള്‍ അവകാശപ്പെട്ടു. ഫോട്ടോയിലെ സ്‌പെസിഫിക് ഏരിയകള്‍ ടാപ്പുചെയ്യാനോ വൃത്താകൃതിയിലാക്കാനോ അനുവദിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മാനുവല്‍ ക്രമീകരണങ്ങളോ സങ്കീര്‍ണ്ണമായ മെനുകളോ ആവശ്യമില്ലാതെ, ഓട്ടോ എഡിറ്റിങ് ആണ് ഇത് സാധ്യമാക്കുന്നത്. ഇഷ്ടാനുസൃത എഐ നിയന്ത്രിത എഡിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നത് കാരണം നിമിഷങ്ങള്‍ക്കുള്ളില്‍ മികച്ച ഫോട്ടോ നേടാന്‍ സഹായിക്കുന്നു. ഈ സവിശേഷത തുടക്കത്തില്‍ പിക്‌സല്‍ 10 ഫോണുകളില്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റ് ഫോണുകളിലേക്കും ഈ ഫീച്ചര്‍ വ്യാപിപ്പിക്കും.
ഫോട്ടോ എടുത്തതിനുശേഷം, ഗൂഗിള്‍ ഫോട്ടോസ് തുറന്ന്, എഡിറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. മാറ്റങ്ങള്‍ തല്‍ക്ഷണം കാണുന്നതിന് റിക്വസ്റ്റ് ടൈപ്പ് ചെയ്താല്‍ മതി. ‘ആസ്‌ക് ഫോട്ടോസ്’ ഫീച്ചറാണ് എഡിറ്റിങ് ലളിതമാക്കുന്നത്. കുറഞ്ഞ പരിശ്രമത്തില്‍ മികച്ച ഫോട്ടോ നേടാന്‍ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. പശ്ചാത്തലത്തില്‍ നിന്ന് ആരെയെങ്കിലും നീക്കം ചെയ്യാനോ, ഒരു ഷോട്ട് നേരെയാക്കാനോ, അല്ലെങ്കില്‍ മങ്ങിയ ഫോട്ടോയ്ക്ക് തിളക്കം നല്‍കാനോ ആവശ്യപ്പെടാവുന്ന വിധമാണ് ക്രമീകരണം. നിറങ്ങള്‍ മങ്ങിയതായി തോന്നുന്നുവെങ്കില്‍, അവ ബൂസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുക. ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തേക്ക് ഫോക്കസ് കൊണ്ടുവരാന്‍ ചിത്രം ക്രോപ്പ് ചെയ്യുക. എഡിറ്റിങ്ങിലെ ബുദ്ധിമുട്ട് ഒഴിവാക്കുകയും കുറഞ്ഞ പരിശ്രമത്തില്‍ മികച്ച ഷോട്ട് നേടാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഉദാഹരണമായി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുക. ഒരു കുടുംബ ഫോട്ടോ എടുക്കുമ്പോള്‍ ആരെങ്കിലും കണ്ണുചിമ്മിയാല്‍ വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറയുന്നതാണ് രീതി. പകരം, ‘ബ്ലിങ്ക് ശരിയാക്കുക’ എന്ന് പറയുക. അപ്പോള്‍ ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോ ഓട്ടോമാറ്റിക്കായി ക്രമീകരിക്കും.



Be the first to comment