
മഞ്ഞുകാലം എന്നത് ആരോഗ്യത്തിന് ‘ഡബിള്‍ കെയര്‍’ നല്‍കേണ്ട സമയം കൂടിയാണ്. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് ദഹനവ്യവസ്ഥയും രോഗപ്രതിരോധ ശേഷിയും ദുര്‍ബലമാകുമെന്ന് മാത്രമല്ല, ചര്‍മത്തിനും മുടിക്കും നിരവധി പ്രശ്നങ്ങളും ഉണ്ടാകാം. മുടികൊഴിച്ചിലിനും അകാലനരയ്ക്കും ചര്‍മം വരണ്ടതാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മഞ്ഞുകാലത്ത് ആരോഗ്യകാര്യത്തില്‍ മുന്‍കരുതല്‍ ആവശ്യമാണ്.
നമ്മുടെ നാടന്‍ നെല്ലിക്ക ഇതിനൊരു മികച്ച പരിഹാരമാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റി-ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചര്‍മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുന്നതിനും ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നതിനും ആവശ്യമായ കൊളാജന്‍ ഉല്പാദനത്തിന് മഞ്ഞുകാലത്ത് ഇത് വളരെ പ്രധാനമാണ്. കൂടാതെ വിറ്റാമിന്‍ സി ചര്‍മത്തിലെ ഈര്‍പ്പത്തെ ലോക്ക് ചെയ്യുകയും ഡള്‍നസ് കുറയ്ക്കുകയും ചെയ്യും.
കൂടാതെ ചര്‍മത്തിലെ കറുത്ത പാടുകള്‍ നീക്കി ചര്‍മം തിളങ്ങാനും സഹായിക്കും. നെല്ലിക്കയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മഞ്ഞുകാലത്തുണ്ടാകുന്ന മുടി കൊഴിച്ചില്‍ ഒഴിവാക്കി മുടിയെ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും.
മഞ്ഞുകാലത്ത് നെല്ലിക്ക അച്ചാര്‍ ആണ് ബെസ്റ്റ്!
നെല്ലിക്ക പച്ചയ്ക്ക് കഴിക്കുന്നതിലും നെല്ലിക്ക അച്ചാറാക്കി കഴിക്കുന്നത് തണുത്തകാലാവസ്ഥയില്‍ ഇരുട്ടി ഗുണം ചെയ്യുമെന്നാണ് പോഷകവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മുടെ നാട്ടില്‍ പഴങ്ങളും പച്ചക്കറികളും അച്ചാര്‍ ഇടുകയെന്നത് വളരെ കാലം മുന്‍പ് മുതല്‍ ഉള്ള ശീലമാണ്.
കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച്, വിനാഗിരിയും വെള്ളവും ഉപ്പും ചേര്‍ത്ത് നെല്ലിക്ക അച്ചാറാക്കുന്നത് പ്രകൃതിദത്തമായി നെല്ലിക്കയെ പുളിപ്പിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ നെല്ലിക്കയെ പുളിപ്പിക്കുന്നത് അതില്‍ അടങ്ങിയ വിറ്റാമിന്‍ സിയുടെ അളവ് വലിയ തോതില്‍ വര്‍ധിപ്പിക്കും. പുളിപ്പിക്കുമ്പോള്‍ സ്വാഭാവികമായും അവയില്‍ പ്രോബയോടിക്സും വര്‍ധിക്കും. ഇത് ദഹനത്തിന് വളരെ നല്ലതാണെന്ന് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
100 ഗ്രാം നെല്ലിക്കയില്‍ 3000 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് അടങ്ങിയിട്ടുള്ളതെങ്കില്‍ നെല്ലിക്ക അച്ചാറില്‍ വിറ്റാമിന്‍ സിയുടെ അളവ് 4000 മുതല്‍ 5000 മില്ലിഗ്രാമായി ഉയരും. ആന്റി-ഓക്സിഡന്റുകളുടെ അളവിലും നെല്ലിക്ക സാധാരണ കഴിക്കുന്നതിലും അച്ചാറാക്കി കഴിക്കുന്നില് വലിയ വ്യത്യാസമുണ്ട്. അച്ചാറിന്റെ പഴക്കം കൂടുന്നത് അവയുടെ രുചിയും പോഷകഗുണങ്ങളും വര്‍ധിപ്പിക്കാന്‍ സഹായിക്കും. അച്ചാര്‍ ഗ്ലാസ് ജാറില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും മികച്ചത്.
Be the first to comment