
ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ ചില ഇടങ്ങളില്‍ ടോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. തുരങ്കങ്ങള്‍, പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍ പോലുള്ള ഘടനകളുള്ള ദേശീയപാതകളുടെ ടോള്‍ നിരക്കാണ് 50 ശതമാനം വരെ കുറയുക. ജനങ്ങളുടെ റോഡ് യാത്ര ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ടോള്‍ ചാര്‍ജുകള്‍ കണക്കാക്കുന്നതിനുള്ള 2008 ലെ ചട്ടങ്ങളില്‍ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഭേദഗതി വരുത്തി പുതിയ രീതി അവതരിപ്പിച്ചു. ഇതോടെ ടോള്‍ നിരക്കില്‍ വലിയ കുറവാണുണ്ടാകുക.
പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍ പോലുള്ള നിര്‍മ്മിതികളുളള ദേശീയ പാതയുടെ ഒരു ഭാഗത്തിന്റെ ഉപയോഗത്തിനുള്ള ഫീസ് നിരക്ക്, നിര്‍മ്മിതികളുടെ നീളം ഒഴികെയുള്ള ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തോട് നിര്‍മ്മിതികളുടെ നീളത്തിന്റെ പത്തിരട്ടി എന്ന രീതിയിലോ അല്ലെങ്കില്‍ ദേശീയ പാതയുടെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ചിരട്ടി എന്ന രീതിയിലോ ആയിരിക്കും കണക്കാക്കുക. ഇതില്‍ ഏതാണ് കുറവ് അതായിരിക്കും പുതിയ ഭേദഗതി അനുസരിച്ച് ടോള്‍ ഫീസായി ഈടാക്കുക.
ഉദാഹരണമായി, ദേശീയപാതയുടെ ഒരു ഭാഗത്തിന്റെ ആകെ നീളം 40 കിലോമീറ്ററാണെങ്കില്‍, അതില്‍ നിര്‍മ്മിതി മാത്രമാണ് ഉള്‍പ്പെടുന്നതെങ്കില്‍, ഏറ്റവും കുറഞ്ഞ നീളം കണക്കാക്കുന്നത് ഇങ്ങനെയായിരിക്കും. നിര്‍മ്മിതിയുടെ നീളത്തിന്റെ പത്തിരട്ടി അതായത് 400 കിലോമീറ്റര്‍,അല്ലെങ്കില്‍ ദേശീയ പാതയുടെ ആകെ ഭാഗത്തിന്റെ നീളത്തിന്റെ അഞ്ച് മടങ്ങ് 200 കിലോമീറ്റര്‍ അടിസ്ഥാനമാക്കി ടോള്‍ ഈടാക്കും, ഇത് ഫലത്തില്‍ നിരക്ക് പകുതിയായി കുറയ്ക്കും.
Be the first to comment