മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ട് വർഷത്തേയ്ക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജു ദേവസ്വം ബോർഡ് അംഗമാകും. പിഎസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. ഇതനുസരിച്ചാണ് കെ ജയകുമാറിനെ നവംബർ 14 മുതൽ പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയത്.
പിഎസ് പ്രശാന്തിനും അജികുമാറിനും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവുമായി തുടരാൻ സർക്കാർ ഒരു നീക്കം നടത്തിയിരുന്നെങ്കിലും ശബരിമല സ്വർണ്ണപ്പാളി വിവാദത്തെ തുടർന്ന് ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കുന്നു എന്നതാണ് പുതിയ ഭരണ സമിതിയ്ക്ക് മുന്നിലുള്ള വെല്ലുവിളി. നവംബർ 17നാണ് ശബരിമല നട തുറക്കുന്നത്. മണ്ഡല മകരവിളക്ക് തീർഥാടന കാലം വിവാദരഹിതമായി അവസാനിപ്പിക്കുകയെന്നതാണ് പുതിയ ഭരണ സമിതിയുടെ ലക്ഷ്യം.
സ്വർണക്കൊള്ള വിവാദക്കാലത്ത് ദേവസ്വം ബോർഡിനെ നയിക്കാൻ പരിചയ സമ്പന്നനായ ഒരാൾ വേണമെന്നത് മുൻനിർത്തിയുള്ള സിപിഐഎമ്മിന്റെ അന്വേഷണം കെ ജയകുമാറിലാണ് എത്തിനിന്നത്. ബരിമലയിലെ സ്‌പെഷ്യൽ കമ്മീഷണർ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാർ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ അടുത്ത പ്രസിഡന്റാരെന്നതിൽ സിപിഐഎം സെക്രട്ടേറിയറ്റിൽ ചർച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കൾ എത്തിച്ചേർന്നത്.
ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസലർ, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോർപറേഷൻ എംഡി, എം ജി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.



Be the first to comment