തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സർക്കാർ കർശന നടപടികളിലേക്ക്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽ നിലവിൽ സർവീസിലുള്ളവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണം പൊലീസിന്
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. ഈ സംഘം ഇന്ന് തന്നെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തി പരിശോധനകൾ നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കും. വകുപ്പുതല നടപടികൾക്ക് പുറമെ, അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പൊലീസിന് കൈമാറുകയും നിയമപരമായ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യും. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ ചില കാര്യങ്ങളിൽ പൊലീസ് അന്വേഷണം അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കുറ്റക്കാരിൽ വിരമിച്ചു പോയവർ ആരെല്ലാമാണെന്നും സർവീസിൽ തുടരുന്നത് ആരെല്ലാമാണെന്നും പരിശോധിച്ചു വരികയാണ്.
ചികിത്സാ വിവരങ്ങൾ
സംഭവവുമായി ബന്ധപ്പെട്ട് മരിച്ച രോഗി ഉഷാ ജോസഫിൻ്റെ മകനുമായി മന്ത്രി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. ലഭ്യമായ രേഖകൾ പ്രകാരം 2021 മെയ് 10നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 12ന് ശസ്ത്രക്രിയ നടക്കുകയും 15ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് മുൻപായി പലതവണ ഡോക്ടറെ വീട്ടിൽ പോയി കണ്ടിരുന്നതായി മകൻ വെളിപ്പെടുത്തിയിട്ടുണ്ട്. നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റുന്ന ഡോക്ടർമാർ വീട്ടിൽ രോഗികളെ കാണുന്നുണ്ടോ എന്ന കാര്യവും പ്രത്യേകമായി അന്വേഷണത്തിൻ്റെ പരിധിയിൽ വരും. മെഡിക്കൽ കോളജിലെ രേഖകൾ അടിസ്ഥാനമാക്കി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
പ്രോട്ടോക്കോൾ ലംഘനം
ശസ്ത്രക്രിയ സമയത്ത് സ്ക്രബ് നഴ്സ് ഉണ്ടായിരുന്നില്ലെന്ന വാദം തള്ളിക്കളയുന്നതാണ് അധികൃതരുടെ നിലപാട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം സ്ക്രബ് നഴ്സ് ഇല്ലാതെ ഒരു ശസ്ത്രക്രിയയും നടത്താൻ പാടില്ല. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ഉപകരണങ്ങൾ കൃത്യമായി എണ്ണി തിട്ടപ്പെടുത്തേണ്ടത് സ്ക്രബ് നഴ്സിൻ്റെയും ഡോക്ടറുടെയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇത്തരമൊരു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അതീവ ഗൗരവതരമാണെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നോ എന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സർക്കാരിൻ്റെ ഭാഗത്തുനിന്ന് രോഗിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്നും മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.



Be the first to comment