ബാര്‍ക് റേറ്റിങ് തിരിമറി കേസിന് പിന്നാലെ ടിആര്‍പി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം; ലാന്‍ഡിംഗ് പേജ് ഇനി ബാര്‍ക് റേറ്റിങില്‍ ഇല്ല

ടെലിവിഷന്‍ റേറ്റിങിനെ കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേറ്റിങ് മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. പരാതിയെ തുടര്‍ന്നുള്ള കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് റേറ്റിങ് രീതികള്‍ സുതാര്യവും കൂടുതല്‍ കൃത്യതയുള്ളതുമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം. റേറ്റിങ് പരിഷ്‌കരണം സംബന്ധിച്ച പുതുക്കിയ കരട് വ്യവസ്ഥകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്ന വ്യവസ്ഥകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വാര്‍ത്താപ്രക്ഷേപണ വിതരണ മന്ത്രാലയം ബുധനാഴ്ച ലോക്‌സഭയില്‍ മന്ത്രി എല്‍ മുരുകന്‍ പറഞ്ഞു. ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിങായി കണക്കാക്കില്ല എന്നതുള്‍പ്പെടെയുള്ള സുപ്രധാന പരിഷ്‌കരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പോകുന്നത്. 

കേരളത്തിലെ ഒരു ചാനല്‍ ബാര്‍ക് ഡാറ്റ അട്ടിമറിക്കുന്നതിനും ഇതുവഴി ജനങ്ങളേയും പരസ്യ കമ്പനികളേയും കബളിപ്പിക്കാനും ശ്രമിച്ചതായുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്. കുറ്റകൃത്യം വളരെ ഗൗരവതരമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ ബാര്‍ക് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടിആര്‍പി റേറ്റിങ് മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ലാന്‍ഡിംഗ് പേജിനെ പരസ്യങ്ങള്‍ക്കായും മാര്‍ക്കറ്റിംഗിനായും ഉപയോഗിക്കാമെങ്കിലും ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി കാഴ്ചക്കാരെക്കൂട്ടി അത് കൂടുതല്‍ റേറ്റിംഗ് നേടേണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ബാര്‍ക്( ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍) ഉള്‍പ്പെടെ റേറ്റിംഗ് അളക്കുന്ന സംവിധാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദേശം ബാധകമാകുക.

നമ്മള്‍ ടെലിവിഷനും സെറ്റ് ടോപ് ബോക്സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി കൂടുതല്‍ പണം നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണ്. റേറ്റിംഗിനായി ഈ വ്യൂവര്‍ഷിപ്പ് കൂടി കണക്കാക്കുമ്പോള്‍ വരുന്ന തെറ്റിദ്ധാരണകളും ആശയക്കുഴപ്പവും ഒഴിവാക്കുന്നതിനും ചാനല്‍ റേറ്റിംഗ് സംവിധാനം കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് പുതിയ ഭേദഗതി. ടിആര്‍പി റേറ്റിംഗ് കണ്ടെത്തുന്നതിനായി പരിഗണിക്കുന്ന ഉപയോക്താക്കളുടെ തിരിച്ചറിയാനാകാത്ത ഗ്രൂപ്പിന്റെ വലിപ്പം കൂട്ടാനും വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ശിപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞത് 80,000 വീടുകളെയെങ്കിലും പാനലില്‍ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ നിര്‍ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*