
സംസ്ഥാന സർക്കാറിൻ്റെ ഓണം വാരാഘോഷ പരിപാടികൾക്ക് പ്രൗഢഗംഭീര തുടക്കം. തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വാരാഘോഷത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. 33 വേദികളിലായി ഇനി ഒരാഴ്ചക്കാലം തലസ്ഥാനത്ത് കളർഫുൾ ഓണം.
ആഘോഷങ്ങൾ ചില വിഭാഗങ്ങളിൽ മാത്രമായി ചുരുക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫിൻ്റെയും തമിഴ് സിനിമാതാരം രവി മോഹൻ്റെയും സാന്നിധ്യം ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടി.
ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഒരുക്കിയ ഓണസദ്യയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഒരാഴ്ചകാലം 33 വേദികളിൽ ആയാണ് ആഘോഷ പരിപാടികൾ. 10000ലധികം കലാകാരന്മാർ ആഘോഷങ്ങളുടെ ഭാഗമാവും. 5, 6, 7 തീയതികളിൽ നഗരത്തിൽ ഡ്രോൺ ഷോ ഒരുക്കും. ആയിരത്തോളം ഡ്രോണുകൾ ഷോയുടെ ഭാഗമാവും. ഈ മാസം ഒമ്പതിന് നടക്കുന്ന ഘോഷയാത്രയുടെ ഓണം വാരാഘോഷം സമാപിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
Be the first to comment