കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി രാജ്ഭവൻ. നിയമനത്തിൽ രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സാധാരണ ഗതിയിൽ സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവ്വകലാശാല പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തിൽ കൂടിയാണ് ചാൻസലറുടെ നടപടി.
ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ നിർദേശം. പത്ത് വര്‍ഷം പ്രൊഫസര്‍ പോസ്റ്റില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ട് വര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിയില്ല. മുന്‍ ഗവര്‍ണര്‍ ഉള്‍പ്പെടെ സെര്‍ച്ച് കമ്മിറ്റിയെ നല്‍കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന് മുന്‍പാകെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ 31-ാം തീയതിയാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നത്. എന്നാൽ ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റി പ്രതിനിധി സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു ആണ് പിൻമാറുകയായിരുന്നു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചുരുക്കപ്പട്ടിക നൽകിയിരുന്നു. എന്നാൽ നിയമനം ഇപ്പോൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവർണർ എത്തിയിരുന്നു. സംസ്ഥാനത്തെ 13 സർവകലാശാലകളിലും ഇപ്പോൾ സ്ഥിരം വിസിയില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.



Be the first to comment