‘വി സി നിയമന അധികാരം ചാൻസലർക്ക്; മറ്റുള്ളവരുടെ ചുമതല ഏറ്റെടുക്കുന്നത് ശരിയല്ല’; സുപ്രീം കോടതിക്കെതിരെ ഗവർണർ

വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിൽ സുപ്രീം കോടതി നടപടികളെ വിമർശിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. വി സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്. കോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഗവർണർ പറഞ്ഞു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവത്തിനെ ആദരിക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണ് ഗവർണറുടെ വിമർശനം.

യു ജി സി. ചട്ടങ്ങളിലും, മുൻപ് സുപ്രീം കോടതി  തന്നെ പുറപ്പെടുവിച്ച കണ്ണൂർ വി സി കേസ് വിധിയിലും വി സിമാരെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കോടതി ഈ അധികാരത്തിലേക്ക് കടന്നുകയറുകയാണ്. കോടതി നേരിട്ട് വിസിയെ നിയമിക്കാൻ ശ്രമിക്കുന്നത് സുപ്രീംകോടതിയുടെ മുൻ വിധികൾക്ക് പോലും വിരുദ്ധമായ നടപടിയാണെന്നും ഗവർണർ വിമർശിച്ചു.

‘യതോ ധർമ്മ സ്തതോ ജയഃ’ ഇതാവണം കോടതി. മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. സേർച്ച്‌ കമ്മിറ്റിയെ വെച്ച് കോടതി വിസിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നും ഗവർണർ പറ‍ഞ്ഞു.

ഡിജിറ്റൽ. സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് ​ഗവർണറും സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. ​ഗവർണർ ഡോ. പ്രിയ ചന്ദ്രനെയും, സിസ തോമസിനെയുമാണ് വിസിമാരായി ശുപാർശ ചെയ്തത്. മുഖ്യമന്ത്രിയാകട്ടെ ഡോ. സജി ​ഗോപിനാഥ്, സതീഷ് കുമാർ എന്നീ പേരുകളും നിർദേശിച്ചു. സമവായം ഇല്ലാത്തതിനാൽ വിസി നിയമനത്തിനായി ഒരു പേര് നിർദേശിക്കാൻ സുപ്രീംകോടതി ജസ്റ്റിസ് സുധാംശു ധൂലിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*