രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് കറുത്ത വസ്ത്രം, ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ; ട്രെയിനുകൾക്ക് ഉള്ളിലും പരിശോധന; വിവരം ലഭിച്ചാൽ 9446899506 നമ്പറിൽ അറിയിക്കുക

ഗോവിന്ദച്ചാമിക്കായി വ്യാപക തെരച്ചിൽ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളിൽ പരിശോധന നടക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നു.രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത് കറുത്ത വസ്ത്രം. സഹ തടവുകാരനെ ചോദ്യം ചെയ്യുന്നു.

ഗോവിന്ദച്ചാമിയ്ക്കായി സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം നടത്താൻ നിർദ്ദേശം നൽകി ആർപിഎഫ്. റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻ്റുകളിലും ‘നിരീക്ഷണം നടത്താൻ നിർദ്ദേശം. ട്രെയിനുകൾക്ക് ഉള്ളിലും പരിശോധന നടക്കുന്നു.

തിരൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ആണ് തിരച്ചിൽ നടത്തുന്നത്. ആർപിഎഫിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തുന്നത്. ഏഴുമണിക്കാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് RPF വ്യക്തമാക്കി. ആറു സംഘമായി പരിശോധന നടത്തുന്നു.

ഗോവിന്ദച്ചാമിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു.

ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളിൽ ഒരു അടയാളവും ഇടത് കവിളിൽ ഒരു മുറിവ് പാടുമുണ്ട്. ജയിൽ നമ്പർ: 33 ആണ് ഗോവിന്ദ ചാമിയുടെ ജയിൽ നമ്പർ. 2011ൽ ആണ് ജയിലിലാകുന്നത്. ജയിൽ രേഖകൾ പ്രകാരം ഗോവിന്ദച്ചാമിയുടെ വിവരങ്ങൾ ഇങ്ങനെ: പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതൻ. വിലാസം: ഐവത്തക്കുടി (AIVATHAKUDI), എരഞ്ഞ പി.ഒ. (ERANJA PO), വാപ്പൂർ പി.എസ്. (VAPOOR PS), കരൂർ (KARUR).

അതേസമയം സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.30 നാണ്. പൊലീസിന് വിവരം ലഭിച്ചത് രാവിലെ 6 മണിക്കാണ്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയും ചെയ്തു. പത്താം ബ്ലോക്കിൽ നിന്നുമാണ് ചാടിയത്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*