മതില്‍ ചാടാന്‍ ഡ്രം; ജയിലില്‍ പരിശീലനം; രാത്രി സംസ്ഥാനം വിടാന്‍ പദ്ധതിയിട്ടു; ഗോവിന്ദചാമിയുടെ ‘പ്ലാന്‍’ ഇങ്ങനെ

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടാനായി നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. മാസങ്ങള്‍ക്ക് മുമ്പ് സെല്ലിന്റെ കമ്പികള്‍ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയില്‍ അധികൃതര്‍ക്ക് മനസിലാകാതിരിക്കാന്‍ കമ്പിയില്‍ നൂല്‍ കെട്ടിവെച്ചുവെന്നുമാണ് പ്രതിയുടെ മൊഴി.

സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയില്‍ മോചിതരായാവരുടെ തുണികള്‍ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈന്‍ ബ്ലോക്കിലെത്തി. തുടര്‍ന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളില്‍ കയറി ഫെന്‍സിങ്ങിന്റെ തൂണില്‍ കുടുക്കിട്ടുവെന്നും ഗോവിന്ദചാമിയുടെ മൊഴിയില്‍ പറയുന്നു. കമ്പി മുറിക്കാനുള്ള ബ്ലെയ്ഡ് ലഭിച്ചത് ജയിലിലെ വര്‍ക് ഷോപ്പില്‍ നിന്നാണ് സംഘടിപ്പിച്ചത്. ജയിലഴി മുറിച്ചത് അറിയാതിരിക്കാന്‍ തുണി കൊണ്ട് വട്ടം കെട്ടുകയായിരുന്നു.

ഷേവിങ് അലര്‍ജിയാണെന്നു പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളര്‍ത്തിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം. ജയിലില്‍ പ്രത്യേക ഭക്ഷണക്രമവും ഇയാള്‍ പിന്തുടര്‍ന്നു. ജയില്‍ ചാടുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമായി അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയില്‍ കമ്പി മുറിക്കാനുള്ള ആയൂധം നേരത്തെ എത്തിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസില്‍ മൊഴി നല്‍കി.

ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയ ഗോവിന്ദചാമി വെള്ളിയാഴ്ച പുലര്‍ച്ച 1.15 ഓടെയാണ് ജയില്‍ ചാടിയത്. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുതച്ചുമൂടിയ നിലയില്‍ രൂപമുണ്ടായിരുന്നു. സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്.

രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. ജയില്‍ ചാടിയതിന് ശേഷം മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവര്‍ച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താന്‍ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി.

പുറത്തെത്തിയ ശേഷം ആദ്യത്തെ നാലുകിലോമീറ്റര്‍ ദൂരം നടന്നു. നേരം പുലര്‍ന്നപ്പോള്‍ ഇടവഴികള്‍ താണ്ടിയും ആളുകളെ കണ്ടപ്പോള്‍ കുറ്റിക്കാടുകളിലൊളിച്ചുമായിരുന്നു മുന്നോട്ടുള്ള പോക്ക് . ഇതിനിടെ പലരും തിരിച്ചറിഞ്ഞെന്ന് തോന്നിയപ്പോള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരുന്നു. 9 മണിയോടെയാണ് ഗോവിന്ദച്ചാമിയെ നാട്ടുകാര്‍ കണ്ടത്. ഇതേ സമയത്താണ് പൊലീസ് നായയെ വച്ച് പരിശോധന നടക്കുന്നതും. ജയില്‍ പരിസരത്തു നിന്നും മണം പിടിച്ച നായ കണ്ണൂര്‍ ടൗണ്‍ ഭാഗത്തേക്കാണ് ഓടിയത്. ഡിസിസി ഓഫിസിന്റെ സമീപത്തായാണ് നായയും എത്തിയത്. ഇതോടെ ഈ പരിസരത്തു തന്നെ ഗോവിന്ദച്ചാമിയുണ്ടെന്ന് ഉറപ്പിച്ചു.

പൊലീസും ജയില്‍ അധികൃതരും ഇവിടം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. കാടുപിടിച്ചു കിടക്കുന്ന, നിരവധി ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലത്തേക്കാണ് ഗോവിന്ദച്ചാമി കയറിയത്. ഓരോ വീടിനു ചുറ്റും മതില്‍ക്കെട്ടുമുണ്ടായിരുന്നു. ഇതെല്ലാം ചാടിക്കടന്ന് നാട്ടുകാരും പൊലീസും വ്യാപക തിരച്ചില്‍ നടത്തി. സമീപത്തുണ്ടായിരുന്ന തോട്ടിലും കിണറുകളിലും പരിശോധിച്ചു. ഇതിനിടെയാണ് ഒരു കെട്ടിടത്തിന്റെ കിണറ്റില്‍ നിന്ന് സുരക്ഷാ ജീവനക്കാരനായ എം. ഉണ്ണികൃഷ്ണന്‍ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ വലിച്ച് പുറത്തിട്ടു. അക്രമാസക്തരായ നാട്ടുകാരുടെ ഇടയില്‍ നിന്ന് ഒരുവിധത്തിലാണ് പൊലീസ് ഗോവിന്ദച്ചാമിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. പൊലീസ് ട്രെയിനിങ് സെന്ററിലേക്കാണ് ഗോവിന്ദച്ചാമിയെ ആദ്യം കൊണ്ടുപോയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*