ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: വീഴ്ചയ്ക്ക് കാരണം അസൗകര്യങ്ങളെന്ന് റിപ്പോര്‍ട്ട്, മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് സര്‍ക്കാര്‍. ജയിലുകളിലെ സുരക്ഷ വിലയിരുത്താന്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാനത്തെ പൊലീസ് മേധാവി, ജയില്‍ മേധാവി, ആഭ്യന്തര സെക്രട്ടറി, ഡിഐജിമാര്‍ പൊലീസ്, ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരം.

അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളില്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. കണ്ണൂര്‍ ജയിലിലുള്ള തടവുകാരുടെ എണ്ണത്തിന് അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.150 ജീവനക്കാര്‍ വേണ്ടിടത്ത് 106 പേരാണുള്ളത്. 940 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം ഉള്ളിടത്ത് 1118 പേര്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം സംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.

Be the first to comment

Leave a Reply

Your email address will not be published.


*