എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മൈലേജ് കുറയാന്‍ കാരണമാകും; സ്ഥിരീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മൈലേജ് കുറയാന്‍ കാരണമാകുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുകയും വാഹന ഭാഗങ്ങളുടെ തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇക്കാര്യം സമ്മതിച്ചത്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നത് വാഹനത്തിന്റെ പ്രകടനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.

എഥനോളിന് പെട്രോളിനേക്കാള്‍ ഊര്‍ജ്ജ സാന്ദ്രത കുറവാണെന്നും ഇത് മൈലേജില്‍ നേരിയ കുറവുണ്ടാക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എഥനോള്‍ കലര്‍ത്തിയ പെട്രോളില്‍ ഓടുന്ന ഫോര്‍ വീലറുകള്‍ക്ക് മൈലേജില്‍ 1-2 ശതമാനം കുറവ് അനുഭവപ്പെട്ടേക്കാം. അതേസമയം മറ്റ് വാഹനങ്ങള്‍ക്ക് 3-6 ശതമാനം കുറവ് ഉണ്ടായേക്കാം. പഴയ വാഹനങ്ങളില്‍ മൈലേജില്‍ ആറു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മൈലേജിനെ കാര്യമായി ബാധിക്കുമെന്നാണ് ഉപഭോക്താക്കളും വിദഗ്ധരും പറയുന്നത്.

‘രാസഘടന അനുസരിച്ച്, എഥനോളിന് പെട്രോളിനേക്കാള്‍ കുറഞ്ഞ ഊര്‍ജ്ജമാണുള്ളത്. മായം ചേര്‍ക്കാത്ത പെട്രോളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളില്‍ നിന്നുള്ള ഇന്ധനക്ഷമത കുറവായിരിക്കും. 2023 ന് മുമ്പ് നിര്‍മ്മിച്ച വാഹനങ്ങളില്‍ പ്രധാനമായും മായം ചേര്‍ക്കാത്ത പെട്രോളിനേക്കാള്‍ 5-7 ശതമാനം കുറവ് മൈലേജ് ആണ് എഥനോള്‍ കലര്‍ത്തിയ പെട്രോളില്‍ നിന്ന് ലഭിക്കുന്നത്. ഇത് ഡ്രൈവിങ് സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്.’- ഒരു പ്രമുഖ കാര്‍ കമ്പനിയുടെ ഹെഡ് ടെക്നിക്കല്‍ ഓഫീസര്‍ പറഞ്ഞു.

എഥനോള്‍ പ്രാദേശികമായി ലഭിക്കുന്നതിനാലും അസംസ്‌കൃത എണ്ണയേക്കാള്‍ വളരെ വിലകുറഞ്ഞതിനാലും എഥനോള്‍ കലര്‍ത്തിയ പെട്രോളിന് ഉപഭോക്താക്കള്‍ക്ക് കിഴിവ് നല്‍കണമെന്നും അദ്ദേഹം വാദിച്ചു. വര്‍ദ്ധിച്ച പ്രവര്‍ത്തനച്ചെലവ് നികത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലെന്‍ഡിംഗ് ആവശ്യത്തിനായി എഥനോളിന്റെ മുന്‍കാല വില ലിറ്ററിന് 57.97 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പെട്രോളുമായി കലര്‍ത്തുന്നതിന് എഥനോളിന് 5 ശതമാനം ജിഎസ്ടിയും ചുമത്തുന്നുണ്ട്. ഇതോടെ ഒരു ലിറ്ററിന് വില 61 രൂപയായി ഉയരും. പെട്രോളിന് ഏകദേശം 95 രൂപയാണ് (ഡല്‍ഹിയില്‍) വില.

 

Be the first to comment

Leave a Reply

Your email address will not be published.


*