സിഎംഡിആര്‍എഫില്‍ സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാന്‍ സര്‍ക്കാര്‍; വാട്ട്‌സ്ആപ്പ് സന്ദേശമയയ്ക്കാന്‍ ഹൈക്കോടതിയോട് അനുമതി തേടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് സന്ദേശമയയ്ക്കാന്‍ സര്‍ക്കാര്‍. വാട്ട്‌സ്ആപ്പ് സന്ദേശമയയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സന്ദേശം. പ്രത്യേകം അപേക്ഷ നല്‍കാനാണ് സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

സ്പാര്‍ക്കിലെ ഡാറ്റാ ചോര്‍ച്ചയിലെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹര്‍ജി ഹൈക്കോതി പരിഗണിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇനിയും സന്ദേശം അയയ്ക്കാനുണ്ടെന്ന് കോടതിയെ അറിയിച്ചത്. ഡിഎ അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയിരുന്നത്. എന്നാല്‍ സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ ചോര്‍ന്നുവെന്നും സന്ദേശം രാഷ്ട്രീയ താത്പര്യം വച്ചാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

വിഷയം കോടതിയിലുമെത്തിയിരുന്നു. എന്നാല്‍ സന്ദേശമയയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നും ഏത് സമയത്ത് സന്ദേശം അയയ്ക്കണം എന്നത് സര്‍ക്കാരിന്റെ തീരുമാനമല്ലേ എന്നുമാണ് വിഷയത്തില്‍ കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് ഇക്കാര്യത്തിലും അനുകൂല നിലപാടുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

വയനാട് പുനരധിവാസത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെയാണ് സര്‍ക്കാര്‍ നന്ദി സന്ദേശം അയയ്ക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*