ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡിജിറ്റല്‍ അറസ്റ്റുകളില്‍ ഉള്‍പ്പെട്ട ഡിവൈസ് ഐഡികള്‍ ബ്ലോക്ക് ചെയ്യുക, സ്കൈപ്പിലേതിന് സമാനമായ സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കുക, ആന്‍ഡ്രോയിഡ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റുകളായ ദോഷകരമായ എപികെകള് കണ്ടെത്തി തടയുന്നതിനുള്ള സാങ്കേതികവിദ്യ ശക്തഗാക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
നിര്‍ദേശങ്ങളില്‍ ടെക്നിക്കല്‍ പ്രൊജക്ട് 45 ദിവസത്തിനുള്ളില്‍ സമിതിക്ക് മുന്നില്‍ സമര്‍പ്പിക്കാനും സമിതി നിര്‍ദേശിച്ചു. ഇതുവഴി അക്കൗണ്ട് ബ്ലോക്ക് ചെയ്താലും അതേ ഫോണ്‍ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നു. മൈക്രോസോഫ്റ്റിന്റെ സ്കൈപ്പിന് സമാനമായ സുരക്ഷാ ഫീച്ചറുകള്‍ വാട്സ്ആപ്പിലും കൊണ്ടുവരണമെന്ന് സമിതി നിര്‍ദേശിച്ചു. വിളിക്കുന്നയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക, സംശയകരമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, തട്ടിപ്പ് ശൃംഖലകളെ വേഗത്തില്‍ തിരിച്ചറിയുക തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.
വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സജീവമായ ഒരു സിം കാര്‍ഡ് നിര്‍ബന്ധമാക്കുന്ന ‘സിം ബൈന്‍ഡിങ്’ സംവിധാനം നടപ്പിലാക്കാന്‍ ടെലികോം വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് അടുത്ത ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വാട്സ്ആപ്പ് പ്രതിനിധികള്‍ അറിയിച്ചു. പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ ലോഗോകള്‍ അടക്കം ഔദ്യോഗിക ചിഹ്നങ്ങള്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്ന തട്ടിപ്പുകാരെ കണ്ടെത്താന്‍ ലോഗോ ഡിറ്റക്ഷന്‍ സംവിധാനം നിലവില്‍ വന്നതായും കമ്പനി വ്യക്തമാക്കി.



Be the first to comment