‘GST ഇളവുകൾ നവരാത്രി സമ്മാനം; നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിന് തുടക്കമാകും’; പ്രധാനമന്ത്രി

നാളെ പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ആഘോഷങ്ങളുടെ ആദ്യദിനമായ നാളെ രാജ്യത്ത് സമ്പാദ്യോത്സവത്തിനും തുടക്കമാകുമെന്ന് പ്രധാനമന്ത്രി. മധ്യവർഗത്തിനും കർഷകർക്കും സ്ത്രീകൾക്കും ഇരട്ടിമധുരമാണ് ജിഎസ്ടി പരിഷ്കരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജിഎസ്ടി ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിക്കും. ജിഎസ്ടി പരിഷ്കരണം പ്രബല്യത്തിലാകുന്നതോടെ അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവയ്ക്ക് വില കുറയും. നാളെ മുതൽ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് നികുതി സ്ലാബുകൾ മാത്രം. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിൽ വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അവശ്യവസ്തുക്കൾക്കും ടിവി, ബൈക്ക്, കാർ, എ സി എന്നിവയ്ക്കും വില കുറയും. വീട് നിർമാണത്തിന് ചിലവ് കുറയും. പൗരന്മാർ ദൈവങ്ങളെന്നതാണ് പുതുമന്ത്രം. തൻ്റെ ഭരണകാലയളവിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യ മുക്തരാക്കി. സ്വാശ്രയ ഭാരതത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്നും ഓരോ വീടും കടയും സ്വദേശി ഉത്പന്നങ്ങൾ കൊണ്ട് നിറയണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം.

രണ്ടര ലക്ഷം കോടി രൂപയാണ് ജിഎസ്ടി പരിഷ്കരണത്തിലൂടെ ഇന്ത്യക്കാർക്ക് നേട്ടമുണ്ടാകുക. ജിഎസ്ടി പരിഷ്കാരത്തിന് തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജിഎസ്ടി നിരക്കുകളിലെ മാറ്റം നേരത്തെ ജനം അറിഞ്ഞതാണെന്നും എച്ച്1ബി വീസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുമോ എന്നായിരുന്നു കോൺഗ്രസിൻ്റെ ചോദ്യം. എന്നാൽ ഇക്കാര്യങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*