ജിഎസ്ടി പരിഷ്‌കരണം; സംസ്ഥാനത്തെ ലോട്ടറി വ്യവസായം കടുത്ത തിരിച്ചടി നേരിടാന്‍ സാധ്യത; ഓണം ബംബര്‍ വില ഉള്‍പ്പെടെ കൂട്ടാന്‍ ആലോചനകള്‍ ;ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ജി എസ് ടി പരിഷ്‌കാരത്തോടെ കേരളത്തിന് കടുത്ത തിരിച്ചടി നേരിടുന്നത് കേരള ലോട്ടറിവ്യവസായത്തിനാണ്. ലോട്ടറി നികുതി 40 ശതമാനമായി ഉയരുന്നതോടെ ലോട്ടറി വില ഉയര്‍ത്തേണ്ടി വരുമെന്നാണ് ആശങ്ക. ഇത് തിരുവോണം ബംബറിനെ ഉള്‍പ്പെടെ ബാധിക്കും. അടിയന്തര തീരുമാനം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

പുതിയ ജി എസ് ടി നിരക്ക് ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് അടിയന്തര തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ലോട്ടറിക്ക് നികുതി 28 ല്‍ നിന്ന് 40 ശതമാനമായി ഉയരും. ഇപ്പോള്‍ 500 രൂപയ്ക്ക് വില്‍പന നടത്തുന്ന ഓണം ബംബര്‍ 22 ന് ശേഷം ഏത് വിലയ്ക്ക് വില്‍ക്കുമെന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 22ന് ശേഷം വില്‍ക്കുന്ന ടിക്കറ്റിന് വില വര്‍ദ്ധിപ്പിക്കേണ്ടി വരുമോ എന്നത് ഉള്‍പ്പെടെ ആശങ്കയാകുകയാണ്.

ജി എസ് ടി കൗണ്‍സിലിലും കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ടും സംസ്ഥാനം പ്രതിസന്ധി അറിയിച്ചു. പക്ഷേ കേരളത്തിന്റെ പരാതി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. അടിയന്തരമായി ലോട്ടറി തൊഴിലാളികളുടെ അടക്കം യോഗം വിളിച്ച് തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്റെ ആലോചന. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പേപ്പര്‍ ലോട്ടറി നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം. രണ്ടുമാസം മുന്‍പ് മറ്റ് ലോട്ടറികളുടെ വില 10 രൂപ കൂട്ടി പുതുക്കി നിശ്ചയിച്ചിരുന്നു. വീണ്ടും വിലയിരുത്തിയാല്‍ വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*