വനിതാ പ്രീമിയർ ലീഗില്‍ ഡൽഹി vs ഗുജറാത്ത് എലിമിനേറ്റര്‍ പോരാട്ടം; ഫൈനലിലേക്ക് ഇന്ന് ആര് മുന്നേറും?

നവി മുംബൈ: വനിതാ പ്രീമിയർ ലീഗിന്‍റെ നാലാം സീസൺ അവസാന ഘട്ടത്തിലെത്തി. ഇന്ന് നടക്കുന്ന എലിമിനേറ്റർ റൗണ്ട് മത്സരത്തിൽ ജെമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്, ആഷ്‌ലി ഗാർഡ്‌നർ നയിക്കുന്ന ഗുജറാത്ത് ജയന്‍റ്‌സിനെ നേരിടും. വഡോദരയിലെ കോഡമ്പി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരുടീമുകളും തമ്മിലുള്ള മത്സരം.

ജയിക്കുന്നവർ വ്യാഴാഴ്‌ച നടക്കുന്ന കലാശപ്പോരില്‍ ആര്‍സിബിയെ നേരിടും. നേരത്തെ 12 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമതായാണ് ആർസിബി ഫെെനലില്‍ കടന്നത്. ലീഗ് റൗണ്ടിൽ പത്ത് പോയിന്‍റുമായി രണ്ടാംസ്ഥാനത്താണ് ഗുജറാത്ത്. ഡൽഹി എട്ട് പോയിന്‍റുമായി മൂന്നാമതുമെത്തി. മുംബൈ ഇന്ത്യൻസും (6) യു.പി വാരിയേഴ്‌സും (4) പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ഗുജറാത്ത് ആദ്യമായാണ് എലിമിനേറ്റർ ഘട്ടത്തിലേക്ക് പ്രവേശിച്ചത്. സോഫി ഡിവൈൻ, ജോർജിയ വെയർഹാം, ബെത്ത് മൂണി, ഭാരതി ഫുൾമാലി, രേണുക താക്കൂർ തുടങ്ങിയവർ ടീമിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിലും വിജയിച്ച് ഫൈനലിലേക്ക് കടക്കുമെന്ന പ്രതീക്ഷകൾ ടീം ഉയർത്തിയിട്ടുണ്ട്. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി ഗുജറാത്ത് രണ്ടാം സ്ഥാനത്തോടെയാണ് എലിമിനേറ്ററിൽ എത്തുന്നത്.

മറുവശത്ത്, ജെമീമ റോഡ്രിഗസിന്‍റെ ഡൽഹി വീണ്ടും ഫൈനലിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ്. ഷഫാലി വർമ്മ, ലീസൽ ലീ, ലാറ വോൾവാർഡ്, മാരിസൺ കേപ്പ്, ശ്രീ സരാണി തുടങ്ങിയ സ്റ്റാർ കളിക്കാരുള്ള ടീം ശക്തമാണ്. വനിതാ പ്രീമിയർ ലീഗ് പരമ്പരയിൽ ഇരുടീമുകളും 8 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ഇരു ടീമുകളും 4 തവണ വീതം വിജയിച്ചിട്ടുണ്ട്. അതേസമയം ഇത്തവണ ലീഗ് ഘട്ടത്തിൽ രണ്ട് തവണ ഗുജറാത്തിനോട് തോറ്റ ഡൽഹിക്ക്, തുടർച്ചയായ നാലാം ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ ഇനി ജയിച്ചേ മതിയാവു.

കോഡമ്പി ക്രിക്കറ്റ് ഗ്രൗണ്ട്

വഡോദരയിലെ കോഡമ്പി ക്രിക്കറ്റ് ഗ്രൗണ്ട് പലപ്പോഴും ബൗളർമാർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ്. ഇവിടെ ഇതുവരെ നടന്ന നാല് ടി20 മത്സരങ്ങളിൽ ബാറ്റിംഗ് ടീമും ചേസിംഗ് ടീമും രണ്ട് തവണ വീതം വിജയിച്ചിട്ടുണ്ട്. അതിനാൽ, ക്യാപ്റ്റൻ ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചാൽ, അത് വിജയത്തിന് വഴിയൊരുക്കും.

തത്സമയ സംപ്രേക്ഷണം

വനിതാ പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളും സ്റ്റാർ സ്പോർട്സിൽ തത്സമയം സംപ്രേഷണം ചെയ്യും. ജിയോ ഹോട്ട്സ്റ്റാറിലും പരമ്പര ലഭ്യമാകും. മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന് ആരംഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*