അബുദാബി: സഹപാഠികളെ ആക്രമിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ശിക്ഷിച്ച് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ കോടതി. രണ്ട് കേസുകളിലായി 65,000 ദിർഹം പിഴ ശിക്ഷയാണ് മാതാപിതാക്കൾക്ക് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് രക്ഷിതാക്കൾ നിയമപരമായി ഉത്തരവാദികളാണെന്ന സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അടിസ്ഥാനമാക്കിയാണ് കോടതി വിധി.
ആദ്യത്തെ കേസിൽ, രണ്ട് കുട്ടികൾ അവരുടെ സഹപാഠിയെ നിരന്തരം ആക്രമിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായും കുട്ടിയെ തളർത്തി. ഇതോടെ ഇരയായ കുട്ടിക്ക് അകാരണമായ ഭയം, മാനസിക സമ്മർദ്ദം, പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ഉണ്ടായതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ക്രിമിനൽ വിചാരണയിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കുട്ടികളുടെ പിതാവിനോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുക ആയിരുന്നു.
നിരവധി കുട്ടികൾ ചേർന്ന് സഹപാഠിയായ വിദ്യാർത്ഥിയെ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചതാണ് രണ്ടാമത്തെ കേസ്. സംഭവത്തെത്തുടർന്ന് ഇരയായ കുട്ടിക്ക് കടുത്ത മാനസിക ആഘാതവുമുണ്ടാക്കി.
ആക്രമണത്തിന് പിന്നാലെ ഇരയ്ക്ക് ദിവസങ്ങളോളം സാധാരണ പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. കുട്ടികൾ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നുംരക്ഷിതാക്കളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും കോടതി വിലയിരുത്തി.
ശിക്ഷയായി കുട്ടികളുടെ മാതാപിതാക്കൾ 35,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ പെരുമാറ്റം സ്കൂളിലും സമൂഹത്തിലും നിരീക്ഷിക്കുക എന്നത് രക്ഷിതാക്കളുടെ നിയമപരമായ ബാധ്യത ആണെന്നും കോടതി ഓർമ്മപെടുത്തി.



Be the first to comment