തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ നടത്തിയ വർഗീയ പരാമർശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗുരുവായൂരിൽ വിശ്വാസിയായ എംഎൽഎ വരണ്ടേ എന്ന സ്ഥാനാർഥിയുടെ ചോദ്യത്തിൽ യാതൊരു തെറ്റുമില്ലെന്നും അതിനെ വർഗീയമായി കാണേണ്ടതില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
മറ്റാരെങ്കിലും മതമാണ് പ്രശ്നമെന്ന് പറയുമ്പോൾ പ്രതികരിക്കാത്തവർ ബിജെപി നേതാക്കൾ സംസാരിക്കുമ്പോൾ മാത്രം വർഗീയതയായി ചിത്രീകരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. വിശ്വാസിയായ ഒരു ജനപ്രതിനിധി വരുന്നത് സംബന്ധിച്ച ചർച്ചകൾ അനിവാര്യമാണ്. ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ വിദ്വേഷ പരാമർശമായി കണക്കാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിവാദ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് ബി ഗോപാലകൃഷ്ണൻ. ഇതിനിടെ ഗുരുവായൂർ പൊലീസ് കഴിഞ്ഞ ദിവസം സ്ഥാനാർഥിക്കെതിരെ കേസെടുത്തിരുന്നു.
തുടർനടപടികളും പ്രതിസന്ധിയും
തുടർന്ന് തൃശൂർ ജില്ല കലക്ടറുടെ കർശന നിർദേശപ്രകാരമാണ് ചാവക്കാട് പൊലീസും ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥാനാർഥിത്വത്തിന് ഏതെങ്കിലും തരത്തിലുള്ള അയോഗ്യതയുണ്ടാകാൻ സാധ്യതയുണ്ടോയെന്ന് ബിജെപി നേതൃത്വം ഗൗരവമായി പരിശോധിച്ചുവരികയാണ്. നാമനിർദേശ പത്രിക തള്ളാൻ സാധ്യതയുണ്ടെങ്കിൽ പകരമായി ഒരു ഡമ്മി സ്ഥാനാർഥിയെ കൂടി കളത്തിലിറക്കാനാണ് പാർട്ടിയുടെ നീക്കം. മുൻകാല തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർഥികളുടെ പത്രിക സാങ്കേതിക കാരണങ്ങളാൽ തള്ളിപ്പോയ സാഹചര്യം പരിഗണിച്ചാണ് ഈ മുൻകരുതൽ.
ഇന്ന് (മാർച്ച് 23) ചാവക്കാട് താലൂക്ക് ഓഫിസിൽ ബി ഗോപാലകൃഷ്ണൻ പത്രിക സമർപ്പിക്കും. ഇതിനിടയിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് മറ്റ് നടപടികൾ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ ജനപ്രതിനിധിയാകാൻ മത്സരിക്കുന്ന വ്യക്തി ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായതെന്ന നിലപാടിലാണ് യുഡിഎഫും എൽഡിഎഫും. വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും കെഎസ്യു ജില്ല പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും പൊലീസിൽ പരാതി നൽകിയിരുന്നു.
ശക്തമായ ത്രികോണ മത്സരം
സംഭവത്തിൽ വലിയ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഇതിനോടകം ഉയർന്നത്. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂർ. അതുകൊണ്ടുതന്നെ സീറ്റിനുവേണ്ടിയുള്ള അങ്കത്തട്ടിൽ ശക്തമായ പ്രചാരണ തന്ത്രങ്ങളാണ് എൻഡിഎയുടെ ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നത്. വിവാദങ്ങൾക്കിടയിലും മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്രമായ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. പരമാവധി വോട്ടർമാരിലേക്ക് നേരിട്ടെത്തി പിന്തുണ ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമം. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം.



Be the first to comment