കുഴഞ്ഞുവീണ് മരണം; കുടലിൽ നല്ല ബാക്ടീരിയകൾ കുറഞ്ഞാൽ ഹൃദയാരോ​ഗ്യത്തെ ബാധിക്കും, വയറ്റിലെ ബ്ലോട്ടിങ് ഒഴിവാക്കാൻ ചെയ്യേണ്ടത്

യുവാക്കൾക്കിടയിൽ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം മുൻപത്തെക്കാൾ വർധിച്ചു വരികയാണ്. അതിനൊരു പ്രധാന കാരണം കുടലിൻ്റെ ആരോ​ഗ്യം മോശമാകുന്നതാണെന്ന് കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര പറയുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് ഹൃദയാരോ​ഗ്യത്തെ നേരിട്ട് ബാധിക്കാമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ജോൺസ് ഹോപ്കിൻസ് മെഡിസിൻ ഓർഗനൈസേഷൻ്റെ റിപ്പോർട്ടിൽ, കുടലിൻ്റെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് വിദഗ്ധർ രേഖപ്പെടുത്തിയിരുന്നു. ചിലതരം കുടൽ ബാക്ടീരിയകളിലെ മാറ്റങ്ങൾ ഉയർന്ന രക്തസമ്മർദത്തിനോ രക്തത്തിലെ നല്ല കൊളസ്ട്രോളിന്‍റെ അളവു കുറയ്ക്കാനോ കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ 2017-ലെ മറ്റൊരു പഠനത്തില്‍ കുടലിലെ നല്ല ബാക്ടീരിയയുടെ കുറവ് ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസ്തംഭനം, തീവ്ര വൃക്കരോഗം, അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷണശേഷം ആമാശയത്തിൽ ഉണ്ടാകുന്ന ബ്ലോട്ടിങ് കുടലിൻ്റെ ആരോ​ഗ്യത്തെ മോശമാക്കുന്നു. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടു വരുന്നത് ബ്ലോട്ടിങ് ഒഴിവാക്കാനും കുടലിൻ്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും അതുവഴി ഹൃദയാരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുമെന്ന് ഡോ. അലോക് ചോപ്ര പറയുന്നു.

ഭക്ഷണശേഷം ബ്ലോട്ടിങ് ഒഴിവാക്കാന്‍

  • സാവധാനത്തിലും ശ്രദ്ധയോടെയും ഭക്ഷണം കഴിക്കുക: ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണം നന്നായി ചവച്ചു കഴിക്കണം.
  • കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക: അവ ബ്ലോട്ടിങ് വര്‍ധിപ്പിക്കാനും ഗ്യാസ് രൂപപ്പെടാനും കാരണമാകുന്നു.
  • പോര്‍ഷന്‍ ശ്രദ്ധിക്കണം: അമിതമായി ഭക്ഷണം കഴിക്കുന്നത് കുടലിൽ സമ്മർദം ചെലുത്തും.
  • ബീൻസ്, പയർ, ക്രൂസിഫറസ് പച്ചക്കറികൾ (ബ്രോക്കോളി, കാബേജ്) പോലുള്ള ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
  • ഭക്ഷണത്തിനുശേഷം നടക്കുക: ഇത് വാതകം അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
  • ജലാംശം നിലനിർത്തുക: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനം സുഗമമായി നിലനിർത്തും.

Be the first to comment

Leave a Reply

Your email address will not be published.


*