ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണം; ഉപാധി വച്ച് ഹമാസ്

ഇസ്രയേല്‍-ഗസ്സ സംഘര്‍ഷം തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമാകുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്നാണ് കരാര്‍ ഭാഗികമായി അംഗീകരിച്ച ശേഷം ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീന്റെ സ്വയം നിര്‍ണയാവകാശവും യുദ്ധം അവസാനിപ്പിക്കലും ബന്ദികളുടെയും പലസ്തീന്‍ തടവുകാരുടെയും കൈമാറ്റവും പ്രധാന ലക്ഷ്യങ്ങളെന്നും ഹമാസ് പ്രതിനിധികള്‍ അറിയിച്ചു. ഹമാസ് ചര്‍ച്ചാ സംഘത്തെ നയിക്കുന്ന ഖലീല്‍ അല്‍ ഹയ്യ ആണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

ഈജിപ്തില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് സമാധാനപദ്ധതി ചര്‍ച്ചയില്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ പുരോഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്നറും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തിലെത്തും. ഇസ്രയേലി സ്ട്രാറ്റജിക് കാര്യമന്ത്രി റോണ്‍ ഡെര്‍മറും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനിയും ഇന്ന് എത്തുമെന്നും വിവരമുണ്ട്.

ട്രംപിന്റെ കരാറിനെ ഇസ്രയേലും അറബ് രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹമാസും ഭാഗികമായി കരാറിനെ അംഗീകരിച്ചെങ്കിലും ചില നിബന്ധനകള്‍ ഹമാസ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ശാശ്വതവും സമഗ്രവുമായ വെടിനിര്‍ത്തല്‍ ഉണ്ടാകണം, ഗസ്സയിലെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നും ഇസ്രയേലി സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കണം, മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാന്‍ നിയന്ത്രണം പാടില്ല, തടവുകാരുടെ കൈമാറ്റത്തിന് ന്യായമായ കരാര്‍ കൊണ്ടുവരണം, ഗസ വിട്ടുപോയ ആളുകളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരണം, പുനര്‍നിര്‍മ്മാണ പ്രക്രിയ പലസ്തീന്‍ ദേശീയ സാങ്കേതിക വിദഗ്ധരുടെ സംഘടനയുടെ മേല്‍നോട്ടത്തില്‍ വേണം എന്നതെല്ലാമാണ് ഹമാസ് മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍. കരാര്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*