മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാൾ

മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. അഭിനയത്തിൻ്റെ കാര്യത്തിൽ അത്യുൽസാഹിയായ ഒരു വിദ്യാർഥിയാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടി കഥാപാത്രങ്ങൾ.

1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്ത് സിനിമയിൽ അരങ്ങേറ്റം. മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു. വിധേയനിലെ ഭാസ്‌കരപട്ടേലരും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തൻമാടയിലെ മാടയും വാത്സല്യത്തിലെ രാഘവനുമൊക്കെയായി എത്രയെത്ര വേഷങ്ങൾ.

മലയാളത്തിനപ്പുറം വിവിധ ഇന്ത്യൻ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു. കാസർഗോഡൻ നാട്ടുഭാഷ മുതൽ വള്ളുവനാടൻ ഭാഷയും തൃശൂർ ഭാഷയും കോട്ടയം ഭാഷയും എല്ലാം വഴങ്ങി. തികഞ്ഞ പ്രൊഫഷണലിസവും ആത്മാർപ്പണവുമുണ്ടെങ്കിൽ കാലത്തെ അതിജീവിച്ച് മികവുറ്റ കഥാപാത്രങ്ങളുമായി മുന്നേറാമെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് മമ്മൂട്ടി. പ്രായം മമ്മൂട്ടിക്കു പിറകേ ചലിക്കുന്ന വെറുമൊരു അക്കം മാത്രം. മലയാളത്തിൻ്റെ മഹാനടന്  ജന്മദിനാശംസകൾ.

Be the first to comment

Leave a Reply

Your email address will not be published.


*