‘ശശി തരൂർ അടിസ്ഥാനപരമായി ഒരു കോണ്‍ഗ്രസുകാരനല്ല; പറ്റിയ പ്ലാറ്റ്‌ഫോം ബിജെപി’  

കൊച്ചി: ശശി തരൂര്‍ ബിജെപിയിലേയ്ക്ക് വരുന്നതിന് വിരോധമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പക്ഷേ, ബിജെപിയിലേയ്ക്ക് കൊണ്ടുവരാനുള്ള എന്തെങ്കിലും നടന്നതായി അറിയില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളിപ്പറഞ്ഞപ്പോള്‍ പരസ്യമായി അതിനെ പിന്തുണച്ചയാളാണ് ശശി തരൂര്‍. പാര്‍ലമെന്റിനകത്തും രാജ്യത്തിന് പുറത്തും അത് അദ്ദേഹം വ്യക്തമാക്കി. അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന്. ഇനി അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. ശശി തരൂരിനെ പോലെയുള്ള ഒരാള്‍ ബിജെപിയിലേയ്ക്ക് വരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും എം ടി രമേശ് സമകാലിക മലയാളത്തിന്റെ മലയാളം ഡയലോഗ്‌സില്‍ പറഞ്ഞു. ശശി തരൂരിനെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂരിനെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമം നടന്നതായിട്ട് അറിയില്ല. പക്ഷേ, ശശി തരൂരിന്റെ പല നിലപാടുകളും ബിജെപി മുന്നോട്ടു വെക്കുന്ന പല നിലപാടുകളുമായി സാദൃശ്യമുണ്ട്. ശശി തരൂര്‍ അടിസ്ഥാനപരമായി ഒരു കോണ്‍ഗ്രസുകാരനല്ലല്ലോ. തിരുവനന്തപുരത്ത് വന്നു മത്സരിച്ചു, ജയിച്ചു. അതിന് ശേഷം കോണ്‍ഗ്രസുകാരനായി. കോണ്‍ഗ്രസിന്റെ പല നിലപാടുകളോടും ശശി തരൂരിന് യോജിക്കാന്‍ പലപ്പോഴും സാധിക്കില്ല. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ പല നിലപാടുകളോട് ശശി തരൂര്‍ യോജിക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ആത്മവിശ്വാസത്തിലാണ്. രാഷ്ട്രീയത്തിലെ മാറ്റം വളരെ പെട്ടെന്നാണ് ഉണ്ടാകുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ത്രിപുര ബിജെപി ഭരിക്കുമെന്ന് കരുതിയോ. കേരളത്തില്‍ പരമ്പരാഗതമെന്ന വിശ്വാസത്തിനപ്പുറത്തേയ്ക്ക് വികസനം എന്ന വാതില്‍ തുറക്കുകയാണ് ഞങ്ങള്‍. ബിജെപിക്ക് മുഖ്യശത്രു ഇല്ല. രാഷ്ട്രീയത്തില്‍ ശത്രുപക്ഷത്തോട് താല്‍പ്പര്യമില്ല. എതിരാളികള്‍ മാത്രമാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ‘ഇന്‍ഡി’ സഖ്യമാണ് ഞങ്ങളുടെ എതിരാളികള്‍. ഏത് വിഷയത്തിലും അവര്‍ ഒന്നിച്ചാണല്ലോ. ബിജെപി ഒരു വിജയസാധ്യതയില്ലാത്ത പാര്‍ട്ടിയായിട്ടാണ് പലരും കണക്കാക്കുന്നത്. അതുകൊണ്ടാണ് ബിജെപിയിലേയ്ക്ക് വരാന്‍ പലരും മടി കാണിക്കുന്നത്. ഇപ്പോള്‍ കുറച്ചു കാലങ്ങളായിട്ടാണ് അതിന് മാറ്റമുണ്ടായിരിക്കുന്നതെന്നും എം ടി രമേശ് പറഞ്ഞു.

ഇന്നലെ ശശി തരൂരിനെ ബിജെപിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായി ദുബൈയില്‍ വ്യവസായിയുമായി കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. വിദേശത്ത് വെച്ച് പ്രതികരിക്കുന്നില്ലെന്നും വാര്‍ത്ത വരുമ്പോള്‍ താന്‍ വിമാനത്തിലായിരുന്നുവെന്നുമാണ് ശശി തരൂര്‍ ഇതിനോട് പ്രതികരിച്ചത്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുന്നതിനിടെയാണ്, തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും നീക്കം നടത്തുന്നത്. തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയാല്‍, ബിജെപി മുതലെടുക്കാനുള്ള സാധ്യത ഒഴിവാക്കുക കൂടി സിപിഎം ലക്ഷ്യമിടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*