എസ്‌ഐആറില്‍ ഇന്ന് നിര്‍ണായകം; തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍ത്തിരുന്നു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുക. സുപ്രിംകോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു.

എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേ സമയം നടക്കുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കുമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കേണ്ടത് സുപ്രിംകോടതിയില്‍ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായി എസ്‌ഐആര്‍ തടസപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചു. നടപടികള്‍ 55 % പൂര്‍ത്തിയായെന്നും ഈ ഘട്ടത്തില്‍ നിര്‍ത്തിവെക്കുന്നത് പ്രയോഗികമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*