
ന്യൂഡല്‍ഹി: സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച യുപിഐ സേവനം തടസ്സപ്പെടുമെന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യുപിഐ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അതിനാല്‍ വെള്ളിയാഴ്ച രാവില 00:00 നും പുലര്‍ച്ചെ 1:30 നും ഇടയില്‍ 90 മിനിറ്റ് നേരത്തേയ്ക്ക് യുപിഐ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.
എച്ച്ഡിഎഫ്‌സി ബാങ്ക് കറന്റ്/സേവിംഗ്‌സ് അക്കൗണ്ടുകള്‍, RuPay ക്രെഡിറ്റ് കാര്‍ഡുകള്‍, എച്ച്ഡിഎഫ്‌സി ബാങ്ക് മൊബൈല്‍ ബാങ്കിങ് ആപ്പ്, തേര്‍ഡ്-പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാക്കള്‍ എന്നിവ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകളാണ് ഈസമയം തടസ്സപ്പെടുക. വ്യാപാരികളുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ സേവനങ്ങളെയും ബാധിക്കും.
യുപിഐയ്ക്ക് പുറമേ മറ്റു ചില സേവനങ്ങള്‍ കൂടി ഈ ദിവസങ്ങളില്‍ തടസ്സപ്പെടുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22 രാത്രി 11:00 മുതല്‍ ഓഗസ്റ്റ് 23 രാവിലെ 6:00 വരെയുള്ള സിസ്റ്റം മെയിന്റനന്‍സ് ജോലികള്‍ കാരണം വാട്‌സ്ആപ്പിലെ ചാറ്റ് ബാങ്കിങ്, എസ്എംഎസ് ബാങ്കിങ് എന്നിവയുള്‍പ്പെടെയുള്ള കസ്റ്റമര്‍ കെയര്‍ സേവനങ്ങളും തടസപ്പെടും. ‘ഈ കാലയളവില്‍, അക്കൗണ്ടുകളും കാര്‍ഡുകളും ഹോട്ട്ലിസ്റ്റ് ചെയ്യുന്നതിനുള്ള ടോള്‍-ഫ്രീ നമ്പര്‍ ഒഴികെ, കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ (ഫോണ്‍ ബാങ്കിങ് ഐവിആര്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ), വാട്‌സ്ആപ്പിലെ ചാറ്റ് ബാങ്കിങ്, എസ്എംഎസ് ബാങ്കിങ് എന്നിവ ലഭ്യമാകില്ല,’- ബാങ്ക് ഉപഭോക്താക്കള്‍ക്ക് അയച്ച ബാങ്കിന്റെ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
എന്നിരുന്നാലും, ഫോണ്‍ ബാങ്കിങ് ഏജന്റ് സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക് നെറ്റ്ബാങ്കിങ്, എച്ച്ഡിഎഫ്‌സി ബാങ്ക് മൊബൈല്‍ ബാങ്കിങ്, പേസാപ്പ്, മൈകാര്‍ഡ്‌സ് തുടങ്ങിയ സേവനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.
Be the first to comment