എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സേവന നിരക്കുകളില്‍ മാറ്റം; അറിയാം വര്‍ധിപ്പിച്ച ഇടപാട് നിരക്കുകള്‍

ന്യൂഡല്‍ഹി: മെട്രോ നഗരങ്ങളിലെ പുതിയ ഉപഭോക്താക്കളുടെ സേവിങ്‌സ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് 15000 രൂപയാക്കി ഉയര്‍ത്തിയ ഐസിഐസിഐ ബാങ്കിന്റെ നടപടിക്ക് പിന്നാലെ മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കും സേവന നിരക്കുകളില്‍ സമഗ്രമായ മാറ്റം വരുത്തി. പണമിടപാടുകള്‍, ചെക്ക് സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് വിതരണം, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറുകള്‍ എന്നിവയിലെല്ലാം നിരക്കുകളില്‍ മാറ്റം വരുത്തി. സൗജന്യ ഇടപാടുകള്‍ കുറയ്ക്കല്‍, ഓരോ ഇടപാടിനും ഫീസ് വര്‍ദ്ധിപ്പിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രീമിയം അക്കൗണ്ട് ഉടമകള്‍ക്കും വ്യത്യസ്ത നിരക്കുകള്‍ എന്നിവയാണ് പ്രധാന മാറ്റം. കൂടാതെ എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ്, ഇസിഎസ്/എസിഎച്ച് റിട്ടേണുകള്‍ എന്നിവയുടെ ഫീസും പുതുക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രതിമാസ സൗജന്യ ഇടപാടുകള്‍

ഉപഭോക്താക്കള്‍ക്ക് പ്രതിമാസം നാലു സൗജന്യ പണമിടപാടുകള്‍ ലഭിക്കും. ഇതിനു ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ ഈടാക്കും. ഏതെങ്കിലും ശാഖയിലെ സ്വന്തം, മൂന്നാം കക്ഷി ഇടപാടുകള്‍ക്കുള്ള സൗജന്യ പ്രതിമാസ മൂല്യ പരിധി അക്കൗണ്ടിന് 2 ലക്ഷം രൂപയില്‍ നിന്ന് 1 ലക്ഷം രൂപയായി കുറച്ചു. ഈ പരിധിക്ക് അപ്പുറം പോകുകയാണെങ്കില്‍ 1,000 രൂപയ്ക്കോ അതിന്റെ ഒരു ഭാഗത്തിനോ 5 രൂപ നിരക്കില്‍ ചാര്‍ജ് ഈടാക്കും. കുറഞ്ഞത് 150 രൂപ ചാര്‍ജ് എന്നതിന് വിധേയമായിട്ടായിരിക്കും ഈ ഫീസ്. ഏതു ശാഖയിലായാലും മൂന്നാം കക്ഷി ദൈനംദിന പണമിടപാട് പരിധി പ്രതിദിനം 25,000 രൂപയാണ്. ഈ തുകയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ അനുവദനീയമല്ല.

ബാലന്‍സ് സര്‍ട്ടിഫിക്കറ്റ്, പലിശ സര്‍ട്ടിഫിക്കറ്റ് ചാര്‍ജുകള്‍

നേരത്തെ, ബാലന്‍സ് സര്‍ട്ടിഫിക്കറ്റ്, പലിശ സര്‍ട്ടിഫിക്കറ്റ്, വിലാസ സ്ഥിരീകരണം എന്നിവ സൗജന്യമായിരുന്നു. അതേസമയം പഴയ രേഖകള്‍, പണമടച്ച ചെക്കുകളുടെ പകര്‍പ്പ് എന്നിവയ്ക്ക് സാധാരണ ഉപഭോക്താക്കളില്‍ നിന്ന് 80 രൂപയും മുതിര്‍ന്ന പൗരന്മാരില്‍ നിന്ന് 72 രൂപയുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ മാറ്റം അനുസരിച്ച് ഈ സേവനങ്ങള്‍ക്കെല്ലാം സാധാരണ ഉപഭോക്താക്കള്‍ 100 രൂപയും മുതിര്‍ന്ന പൗരന്മാര്‍ 90 രൂപയും നല്‍കണം.

ബാങ്ക് ചെക്ക് റിട്ടേണ്‍ ചാര്‍ജുകള്‍

സാമ്പത്തിക കാരണങ്ങളാല്‍ ചെക്ക് മടങ്ങിയാല്‍ ആദ്യ റിട്ടേണിന് 500 രൂപയും (സീനിയര്‍ സിറ്റിസണ്‍ – 450 രൂപ) രണ്ടാമത്തെ റിട്ടേണ്‍ മുതല്‍ 550 രൂപയും (സീനിയര്‍ സിറ്റിസണ്‍ – 500 രൂപ) ഈടാക്കും.

സാങ്കേതിക കാരണങ്ങളാല്‍ ഒരു ചെക്ക് മടങ്ങിയാല്‍, 50 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക് 45 രൂപ) ഈടാക്കും. തീയതി ഇല്ലാത്തത്, ഒപ്പ് പൊരുത്തക്കേട് എന്നിവയാണ് സാങ്കേതിക കേസുകള്‍.

ആര്‍ടിജിഎസ് ഇടപാട്

നേരത്തെ, 2 ലക്ഷം രൂപയും അതില്‍ കൂടുതലുമുള്ള ഇടപാടുകള്‍ക്ക് ആര്‍ടിജിഎസ് ചാര്‍ജുകള്‍ 15 രൂപയായിരുന്നു (മുതിര്‍ന്ന പൗരന്മാര്‍ക്ക് 13.5 രൂപ). ഇപ്പോള്‍, 2 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 20 രൂപയും (മുതിര്‍ന്ന പൗരന്മാര്‍ക്ക് 18 രൂപ) 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 45 രൂപയുമാണ് (മുതിര്‍ന്ന പൗരന്മാര്‍ക്ക് 40.5 രൂപ) നിരക്ക്.

ബ്രാഞ്ച് വഴിയുള്ള NEFT ഇടപാട്

10,000 രൂപ വരെ 2 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക് 1.80 രൂപ)

10,000 മുതല്‍ 1 ലക്ഷം രൂപ വരെ 4 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.60 രൂപ)

1 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ 14 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക് 12.60 രൂപ)

2 ലക്ഷത്തിന് മുകളില്‍ 24 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക് 21.60 രൂപ).

നേരത്തെ, ബ്രാഞ്ചുകള്‍ വഴിയുള്ള NEFT ഇടപാടുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള തുകകള്‍ക്ക് 2 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക് 1.80 രൂപ) ഉം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകകള്‍ക്ക് 10 രൂപ (മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 രൂപ) ഉം ആയിരുന്നു ഈടാക്കിയിരുന്നത്.

അമ്പതിനായിരം 15000 രൂപയായി; കുത്തനെ കൂട്ടിയ മിനിമം ബാലന്‍സ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്

ഓണ്‍ലൈന്‍ IMPS ഇടപാട്

1,000 രൂപ വരെയുള്ള തുകകള്‍ക്ക് – സാധാരണ ഉപഭോക്താക്കള്‍ക്ക് 2.50 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.25 രൂപയും

1,000 മുതല്‍ 1 ലക്ഷം രൂപ വരെ – സാധാരണ ഉപഭോക്താക്കള്‍ക്ക് 5 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.50 രൂപയും

1 ലക്ഷം രൂപയ്ക്ക് മുകളില്‍ – സാധാരണ ഉപഭോക്താക്കള്‍ക്ക് 15 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 13.50 രൂപയും.

സ്‌പെഷ്യല്‍ ഗോള്‍ഡ്/പ്ലാറ്റിനം അക്കൗണ്ട് ഉടമകള്‍ക്ക് NIL ചാര്‍ജുകള്‍ തുടര്‍ന്നും ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*