
കുട്ടികൾ പതിവായി തലവേദനയാണെന്ന് പരാതി പറയുമ്പോൾ അത് പഠിക്കാതിരിക്കാനുള്ള അവരുടെ അടവാണെന്ന് പറഞ്ഞ് മിക്ക മാതാപിതാക്കളും വീണ്ടും അവരെ പുസ്തകത്തിന് മുന്നിൽ പിടിച്ചിരുത്തും. ഇത് ഒരുപക്ഷെ നിങ്ങളുടെ കുട്ടിയുടെ കാഴ്ച വൈകല്യത്തെ തുടർന്നാകാം. ക്ലാസിലെ ബോർഡിൽ എഴുതിയിരിക്കുന്നത് വ്യക്തമല്ലാത്തതിനാൽ അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്ക് നോക്കിയെഴുതുന്നത് ഇതിന്‍റെ മറ്റൊരു ഉദാഹരണമാണ്. കുട്ടികൾ പലപ്പോഴും കാഴ്ച വൈകല്യം തിരിച്ചറിയണമെന്നില്ല.
ഇന്ത്യയിൽ 12 മുതൽ 17 ശതമാനം കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങള്‍ നേരിടുന്നുണ്ടെന്നാണ് വിഷൻ മാനുവൽ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെ വരെ ബാധിക്കാം. ശ്രദ്ധക്കുറവ്, മാനസിക സംഘർഷം എന്നിവയിലെക്കും കുട്ടികളെ അത് തള്ളിയിടാം.
നാലിൽ ഒരു കുട്ടി വീതം സ്കൂളിൽ ചേരുന്നത് ഏതെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങളോടെയാണെന്നാണ് അമേരിക്കൽ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇത് പഠിക്കാനുള്ള കഴിവിനെയും ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതിനും കുട്ടികളെ തടസപ്പെടുത്തുന്നു.
തിരിച്ചറിയാം കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍
1. ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മുക
കുട്ടികൾ ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുന്നതും ചരിഞ്ഞു വസ്തുക്കളെ നോക്കുന്നതും കണ്ണുകൾ ചുരുക്കി പിടിക്കുന്നതുമൊക്കെ കാഴ്ച വൈകല്യത്തിന്‍റെ ലക്ഷണങ്ങളാണ്. ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത്തരം കുട്ടികളിൽ പ്രശ്നമുണ്ടാകാം. വെളിച്ചം പരിമിധപ്പെടുത്തി വസ്തുക്കൾ വ്യക്തതയോടെ താത്കാലികമായി കാണാൻ ഇത് സഹായിക്കുമെന്നതിനാലാണ് കുട്ടികൾ ഇത്തരത്തിൽ ചെയ്യുന്നത്. ഇത് മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയേണ്ടതുണ്ട്.
2. പതിവ് തലവേദന
ദൂരക്കാഴ്ച എന്നറിയപ്പെടുന്ന ഹൈപ്പറോപിയ കുട്ടികളിൽ കടുത്ത തലവേദനയുണ്ടാക്കും. ഈ അവസ്ഥ അവരുടെ കണ്ണുകളിലെ പേശികൾക്ക് സമ്മർദമുണ്ടാക്കുന്നു. ബോർഡിൽ എഴുതുന്നത് കാണാൻ കഴിയാത്ത അവസ്ഥ, പുസ്തകം അടുത്തു വെച്ച് വായിക്കുന്നതുമൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ അണുബാധ, ഫോട്ടോഫോബിയ, സ്യൂഡോട്യൂമർ സെറിബ്രി തുടങ്ങിയവയും തലവേദനയ്ക്ക് കാരണമാകാം.
3. ഇടയ്ക്കിടെ കണ്ണുകൾ തിരുമ്മുക
മണിക്കൂറുകളോളം ലാപ്ടോപ്, മൊബൈൻ, ടിവി തുടങ്ങിയവ കാണുന്നത് കുട്ടികളുടെ കണ്ണുകൾക്ക് ആയാസമുണ്ടാക്കും. ഇത് കാഴ്ച വൈകല്യത്തിലേക്ക് നയിക്കാം. കണ്ണിന് ആയാസം കൂടുമ്പോഴാണ് കുട്ടികൾ കൂടുക്കൂടെ കണ്ണുകൾ തിരുമ്മുന്നത്. അലർജിക് കൺജങ്ക്റ്റിവിറ്റിസ് പോലുള്ള അവസ്ഥകളിലേക്കും ഇത് നയിച്ചേക്കാം. കണ്ണട വെക്കുന്നത് കുട്ടികളുടെ കണ്ണുകളിലെ ആയാസം കുറയ്ക്കാൻ സഹായിക്കും.
4. വസ്തുക്കൾ അടുത്തു വെച്ച് നോക്കുക
വസ്തുക്കൾ അടുത്തു വെച്ച് നോക്കുന്നത് കുട്ടികളിലെ കാഴ്ച വൈകല്യത്തെ സൂചിപ്പിക്കുന്നതാണ്. സമീപകാഴ്ച (മയോപിയ) എന്ന അവസ്ഥയുള്ളവരിൽ ദൂരെയുള്ള കാഴ്ചക്കുറവും അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണാനും സാധിക്കും.
5. ശ്രദ്ധക്കുറവ്
വിഷ്വൽ ഫോക്കസ് കുറയുന്നത് അവരുടെ പെരുമാറ്റത്തെയും മാനസികമായും ബാധിക്കുന്നു. ക്ലാസിൽ പലപ്പോഴും പുസ്കതത്തിലേക്കും ബ്ലാക്ക് ബോർഡിലേക്കും കുട്ടികൾക്ക് വളരെ പെട്ടെന്ന് മാറിമാറി ശ്രദ്ധ കൊടുക്കേണ്ട സാഹചര്യം വരുമ്പോൾ കാഴ്ച വൈകല്യമുള്ള കുട്ടികളിൽ അത് ബുദ്ധിമുട്ടണ്ടാക്കും. ഇത് പഠനത്തിൽ ശ്രദ്ധകുറയാനും മാനസിക സംഘർഷത്തിലേക്കും നയിക്കാം.
Be the first to comment