കറുത്ത അരിയുടെ ചോറ് കഴിച്ചിട്ടുണ്ടോ? അടുത്തിടെ കറുത്ത അരിയുടെ ഗുണങ്ങൾ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവയെ സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെ സോഷ്യൽമീഡിയയിലും കറുത്ത അരിയുടെ ഗുണങ്ങളെ കുറിച്ച് തിരയുന്നവരുടെ എണ്ണം കൂടി. ഒരു കാലത്ത് ഇവയെ ചൈനയിൽ സാധാരണക്കാർക്കു വിലക്കപ്പെട്ട അരി എന്ന നിലയിൽ ഫോർബിഡൻ റൈസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പണ്ട് കാലത്ത് ചൈനയിൽ രാജകുടുംബങ്ങളിൽ മാത്രമാണ് കറുത്ത അരി കൊണ്ടുള്ള ചോറ് വിളമ്പിയിരുന്നതത്രേ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിലാണ് കറുത്ത അരി കൂടുതലായും കൃഷി ചെയ്യുന്നത്. ഇവയുടെ ഔഷധമൂല്യം മുൻ കാലങ്ങൾ മുതൽ തന്നെ പ്രസിദ്ധമാണ്.
കറുത്ത അരിക്ക് കടും നിറം നൽകുന്നത് ആന്തോസയാനിൻ (Anthocyanins)എന്ന ആന്റിഓക്‌സിഡന്റുകളാണ്. ഇത് ഹൃദയാരോഗ്യം, ഓർമക്കുറവ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കും.
- രക്തത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും ഈ അരിയിലെ പോഷകങ്ങൾ സഹായിക്കുന്നു.
- നാരുകളുടെ അളവ് കൂടുതലായതിനാൽ തന്നെ ഇടയ്ക്കിടെ വിശപ്പുണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ്.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിൽ മാത്രമേ ഇവ വർദ്ധിപ്പിക്കുകയുള്ളൂ. കൂടാതെ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.
സാധാരണ അരിയെ അപേക്ഷിച്ച് കറുത്ത അരി പാകം ചെയ്യാൻ അല്പം കൂടുതൽ സമയം ആവശ്യമാണ്. അരിയും വെള്ളവും ചേർത്ത് പാത്രം മൂടിവെച്ച് ചെറിയ തീയിൽ 30-35 മിനിറ്റ് വേവിക്കുക. വെള്ളം പൂർണ്ണമായും വറ്റിക്കഴിഞ്ഞാൽ തീ അണച്ച് അഞ്ച് മിനിറ്റ് മൂടിവെച്ച ശേഷം മാത്രം ഉപയോഗിക്കുക.



Be the first to comment