കാലാവസ്ഥ മാറിയതോടെ പലര്‍ക്കും ജലദോഷവും തൊണ്ടവേദനയും തുമ്മലുമൊക്കെ പതിവായി. തണുപ്പു കാരണം ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ചുക്കുകാപ്പി പണ്ടു മുതല്‍ തന്നെ ഒരു ഒറ്റമൂലിയാണ്. വിളിപ്പേര് കാപ്പിയെന്നാണെങ്കിലും പരമ്പരാഗത വൈദ്യശാസ്ത്ര പ്രകാരം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള കഷായം വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്.
ഉണങ്ങിയ ഇഞ്ചി, അതായത് ചുക്കാണ് ഈ കാപ്പിയുടെ പ്രധാന ചേരുവ. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ജലദോഷത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനും, കൊഴുപ്പ് അലിയിച്ചു കളയുന്നതിനുമുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം.
മാത്രമല്ല, കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ കൊഴുപ്പ് അലിയിച്ചു കളയുന്നു. വ്യായാമ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
ചേരുവകൾ
- വെള്ളം – രണ്ടര കപ്പ്
- ചുക്ക് പൊടി – 1 സ്പൂൺ
- കുരുമുളക് പൊടി – 1 സ്പൂൺ
- ഏലക്ക – 2 എണ്ണം
- മല്ലി – കാൽ സ്പൂൺ
- ജീരകം – അര സ്പൂൺ
- കാപ്പിപ്പൊടി – ഒരു സ്പൂൺ
- തുളസിയില – 4 എണ്ണം
- ശർക്കര – 100 ഗ്രാം
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ചുക്ക്, കുരുമുളക്, ഏലക്ക, മല്ലി, ജീരകം, തുളസിയില എന്നിവ ചേർത്തു നല്ലതു പോലെ തിളപ്പിക്കുക. അതിന് ശേഷം കരിപ്പെട്ടി (ശർക്കര), കാപ്പിപ്പൊടി എന്നിവ ചേർത്തു നല്ലതുപോലെ തിളപ്പിച്ച് എടുത്താൽ ചുക്ക് കാപ്പി തയ്യാർ.



Be the first to comment