ഇഡ്‌ലി വയറിന് നല്ലത്, ദിവസവും കഴിക്കാമോ?

ഇഡ്‌ലി ആര് കണ്ടുപിടിച്ചതാണെങ്കിലും, ഇന്ത്യന്‍ തീന്‍ മേശയിലെ പ്രധാനിയാണ് ‘ആശാന്‍’!. ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഇഡ്‌ലി ചൂടു സാമ്പാറിനൊപ്പമോ, ചമ്മന്തിക്കൊപ്പമോ കഴിക്കാം. രുചിയില്‍ മാത്രമല്ല, ആരോഗ്യക്കാര്യത്തിലും ഇഡ്‌ലി ബഹുകേമന്‍ തന്നെയാണ്.

വയറിന് മികച്ച ഭക്ഷണം

നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്‌ലി രാവിലെ ബ്രേക്ക്ഫാസ്റ്റിനും അല്ലെങ്കില്‍ വൈകിട്ട് അത്താഴമായും കഴിക്കാം.

അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചാണ് ഇഡ്‌ലി മാവ് തയ്യാറാക്കുന്നത്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങളെ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പുളിപ്പിച്ച ഭക്ഷണം ദഹനവും ശരീരവീക്കവും കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

ഇഡ്‌ലിയുടെ ഗുണങ്ങള്‍

കൊഴുപ്പ് കുറവാണെന്നതാണ് ഇഡ്‌ലിയുടെ ഒരു സവിശേഷത. മറ്റൊന്ന് ഇത് ഗ്ലൂട്ടന്‍ രഹിതമാണ്. അതുകൊണ്ട് തന്നെ അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍, ഗ്യാസ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കും. പുളിപ്പിക്കല്‍ ബി വിറ്റാനുകളെ പ്രോത്സാഹിപ്പിക്കും. കൂടാതെ ആവിയില്‍ പുഴുങ്ങുന്നതു കൊണ്ട് തന്നെ, ഇഡ്‌ലി ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ലതാണ്.

ഇഡ്‌ലി എങ്ങനെ കഴിക്കാം

സാമ്പാറിനൊപ്പം ഇഡ്‌ലി കഴിക്കുന്നതാണ് മികച്ച കോമ്പിനേഷന്‍. ഇത് പ്രോട്ടീനും നാരുകളും ലഭ്യമാകാന്‍ സഹായിക്കുന്നു. അതിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കഴിയും. ഇതിനൊപ്പം ചമ്മന്തി ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് കിട്ടാന്‍ സഹായിക്കും. ഇത് തലച്ചോറിന്റെ ആരോഗ്യവും ഹോര്‍മോണ്‍ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കും.

ഇഡ്‌ലി ദിവസവും കഴിക്കാമോ?

ഇഡ്‌ലി ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ്. എന്നാല്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ഇന്‍സ്റ്റന്റ് മിക്‌സുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ച ചോയ്‌സ് ആണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*