
നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു പഴവർഗമാണ് ഞാവൽ. വളരെയധികം രുചികരമായ ഈ പഴം പോഷകങ്ങളുടെ ഒരു കലവറയാണ്. എന്നാൽ ഞാവലിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും പലർക്കും അറിയില്ലെന്നതാണ് സത്യം. വിറ്റാമിൻ സി, എ, ബി 1, ബി 6, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഫോസ്‌ഫറസ്, അയൺ, മാംഗനീസ് എന്നീ പോഷകങ്ങൾ ഉയർന്ന അളവിൽ ഞാവലിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അയേൺ കുറവ് പരിഹരിക്കാനും ബി പി നിയന്ത്രിക്കാനും ഇത് ഗുണകരമാണ്. കലോറി വളരെ കുറവായതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു തെരഞ്ഞെടുപ്പാണ് ഞാവൽ. ഇത് വിശപ്പ് ശമിപ്പിക്കാനും ഗുണം ചെയ്യും. വായയുടെ ആരോഗ്യത്തിനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഉപകാരപ്രദമാണിത്. ഞാവലിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കും
വിറ്റാമിൻ സിയുടെ സമ്പുഷ്‌ട ഉറവിടമാണ് ഞാവൽ പഴം. 100 ഗ്രാം ഞാവൽ പഴത്തിൽ ഏകദേശം 181 മില്ലിഗ്രാമോളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ശക്തമായ ഈ ആന്‍റി ഓക്‌സിഡന്‍റുകൾ വെളുത്ത രക്താണുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഇതിലൂടെ രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും ജലദോഷം പോലുള്ള രോഗങ്ങളെ ചെറുക്കാനും സഹായിക്കും.
ഹൃദയാരോഗ്യം
ഞാവൽ പഴത്തിൽ ആന്തോസയാനിൻസ്, ഫ്ലേവനോയ്‌ഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഇവയെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. സ്വാഭാവിക ലിപിഡ് മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെ ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താനും ഞാവൽ സഹായിക്കും.
കണ്ണിന്‍റെ ആരോഗ്യം
വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ചൊരു സ്രോതസാണ് ഞാവൽ. പതിവായി ഇത് കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കും. റെറ്റിന, ലെൻസ് എന്നിവയെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കും. ഇതിലെ ആന്തോസയാനിനുകൾ കണ്ണുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഗുണകരമാണ്. കൂടാതെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
വൈജ്ഞാനിക പ്രവർത്തനം
ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ള ഗാമാ-ലിനോലെനിക് ആസിഡ് എന്ന ഒമേഗ-6 ഫാറ്റി ആസിഡ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. വൈജ്ഞാനിക പ്രകടനം വർധിപ്പിക്കാനും ഫലപ്രദമാണിത്. ഇതിലെ ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ തലച്ചോറിന്‍റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഘടകങ്ങളെ പ്രതിരോധിക്കുകയും വൈജ്ഞാനിക തകർച്ച, ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ എന്നിവയുടെ സാധ്യത ഇല്ലാതാക്കുകയും ചെയ്യും.
പ്രമേഹം നിയന്ത്രിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മാംഗനീസിന്‍റെ മികച്ച ഉറവിടമാണ് ഞാവൽ. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഇത് സഹായിക്കും. ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾ പതിവായി ഞാവൽ കഴിക്കുന്ന ഗുണകരമാണ്.
എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം
അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സിയുടെ സമ്പന്ന സ്രോതസാണ് ഞാവൽ. ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ കുറയ്ക്കാൻ ഇത് സഹായിക്കും.
ദഹന ആരോഗ്യം
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉയർന്ന തോതിൽ ഞാവലിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കും. മലബന്ധം തടയാനും മലവിസർജനം സുഗമമാക്കാനും ഇത് ഗുണകരമാണ്. വൻകുടൽ അർബുദ സാധ്യത ലഘൂകരിക്കാനും ഞാവൽ കഴിക്കുന്നത് ഫലപ്രദമാണ്.
Be the first to comment