ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിൽ ജലാംശത്തിന്‍റെ പങ്ക് ചെറുതൊന്നുമല്ല. എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ദിവസേന 12 മുതൽ 15 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് പോലെ തന്നെ പ്രധാനമാണ് വെള്ളത്തിന്‍റെ താപനിലയും. തണുത്ത വെള്ളവും ചൂടുവെള്ളവും ഇളം ചൂടുള്ളവെള്ളവുമൊക്കെ നമ്മൾ കുടിക്കാറുണ്ട്. എന്നാൽ തണുത്ത വെള്ളത്തേക്കാൾ ആരോഗ്യത്തിന് നല്ലത് ചൂടുവെള്ളമോ ഇളം ചൂടുവെള്ളമോ കുടിക്കുന്നതാണ്. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാനും പോഷകങ്ങൾ വലിച്ചെടുക്കാനുമൊക്കെ ചൂടുവെള്ളം സഹായിക്കും. രക്തക്കുഴലുകളെ വികസിപ്പിച്ച് ശരീരത്തിലുടനീളമുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. പേശികൾക്ക് വിശ്രമം നൽകാനും വേദന കുറയ്ക്കാനുമൊക്കെ ഇത് ഫലപ്രദമാണ്. എന്നാൽ ദഹനാരോഗ്യത്തിന് ചൂടുവെള്ളമോ ഇളം ചൂടുവെള്ളമോ കൂടുതൽ ആരോഗ്യകരം ? അറിയാം…
ചൂടുവെള്ളം vs ഇളം ചൂടുവെള്ളം
ചൂടുവെള്ളത്തിന്‍റെ താപനില 60°C ഉം ഇളം ചൂടുവെള്ളത്തിന്‍റേത് 40–50°C ഉം ആണ്. ഇവ രണ്ടും ആരോഗ്യരകരമാണെങ്കിലും വ്യത്യസ്‌ത ഗുണങ്ങളാണ് നൽകുന്നത്. എന്നാൽ ഉയർന്ന താപനിലയിലുള്ള ചൂടുവെള്ളം കുടിക്കുന്നത് അപകട സാധ്യതകൾക്ക് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. വായ, തൊണ്ട എന്നിവയ്ക്ക് പൊള്ളൽ ഏൽക്കാത്തക്ക തരത്തിലുള്ള ചൂടുള്ള വെള്ളം കുടിക്കുന്നതാണ് സുരക്ഷിതം.
ഇളം ചൂടുവെള്ളം ദഹനത്തെ പ്രോത്സാഹിപ്പിക്കും. ദഹനനാളത്തെ ഉത്തേജിപ്പിക്കാനും ദഹനക്കേട്, മലബന്ധം എന്നിവയ്ക്ക് ആശ്വാസം നൽകാനും ഇത് ഗുണകരമാണ്. നാഡീവ്യവസ്ഥയെ ശാന്തമാക്കനും പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കും. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. രക്തചംക്രമത്തെയും പിന്തുണയ്ക്കുന്നതിനോടൊപ്പം വിഷവസ്‌തുക്കളെ പുറന്തള്ളാനും ചർമ്മ കോശങ്ങൾ നന്നാക്കാനും ഇത് ഗുണകരമാണ്. ഇത് ആരോഗ്യകരമായ ചർമത്തെ പിന്തുണയ്ക്കുന്നു.
ചൂടുവെള്ളത്തിനും പലതരം ആരോഗ്യ ഗുണങ്ങളുണ്ട്. കഫകെട്ടുള്ള സമയത്ത് മൂക്കിലെ തടസം ഒഴിവാക്കാനും ജലദോഷം, മൂക്കടപ്പ്, അലർജി എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും ചൂടുവെള്ളം സഹായിക്കും. തൊണ്ടവേദന ശമിപ്പിക്കാനും പേശികളിലെ പിരിമുറുക്കം ഇല്ലാതാക്കാനും ഇത് ഫലം ചെയ്യും. മാത്രമല്ല ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില വർധിപ്പിക്കുകയും എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. കൊഴുപ്പ് വേഗത്തിൽ കത്തിക്കാൻ ഇത് സഹായിക്കും. അതേസമയം ഭക്ഷണം കഴിച്ചയുടൻ അധികം ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനത്തെ തടസപ്പെടുത്തും.
ദഹനത്തിന് ഇളം ചൂവെള്ളമോ ചൂടുവെള്ളമോ കൂടുതൽ അനുയോജ്യം ?
ദഹനത്തിന് ഏറ്റവും ഉത്തമം ഇളം ചൂടുവെള്ളമാണെന്നാണ് പരമ്പരാഗത വൈദ്യവും ആധുനിക ഗവേഷങ്ങളും പറയുന്നത്. ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കുകയും സുഗമമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ദഹനം എളുപ്പമാക്കാനും വയറു വീർക്കൽ പോലുള്ള അവസ്ഥ കുറയ്ക്കാനും ഇത് സഹായിക്കും. ഇളം ചൂടുവെള്ളം കുടൽ പേശികൾക്ക് വിശ്രമം നൽകുന്നതിലൂടെ മലവിസർജ്ജന ആവൃത്തി മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കുമെന്ന് 2019-ൽ ജേണൽ ഓഫ് ന്യൂറോഗാസ്ട്രോഎൻട്രോളജി ആൻഡ് മോട്ടിലിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.



Be the first to comment