
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയരുന്നതിനിടെ പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ നിന്നുയരുന്ന ആഭ്യന്തര പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. മുന്‍ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍ ജീവന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതികള്‍ കേള്‍ക്കുക.
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ചട്ടപ്രകാരമാണ് പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ചത്. മുന്‍ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍ ജീവന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇതിനായി രൂപീകരിച്ചത്. മുന്‍ ചീഫ് കണ്‍സള്‍ട്ടന്റും പൊലീസ് സര്‍ജനുമായ ഡോ. പി ബി ഗുജറാള്‍, ന്യൂറോളജിസ്റ്റും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ ലീഗല്‍ സെല്‍ ചെയര്‍മാനുമായ ഡോ. വി ജി പ്രദീപ്കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ആശുപത്രികളില്‍ നിന്നുയരുന്ന ആഭ്യന്തര പരാതികള്‍ സമിതി കേള്‍ക്കും. ഉപകരണക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങിയ കാര്യവും, ശസ്ത്രക്രിയ ഉപകരണം കാണാതായെങ്കില്‍ ആ പരാതികളും, വകുപ്പുകളില്‍ പരാധീനതകള്‍ ഉണ്ടെങ്കില്‍ എച്ച്ഒഡിമാരുടെയും ഡോക്ടേഴ്‌സിന്റെയും മുഴുവന്‍ പരാതികളും ഇനിമുതല്‍ പരാതി പരിഹാര സമിതിയുടെ പരിഗണനയ്ക്ക് എത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എച്ച്ഒഡിമാര്‍ നടത്തിയ പരസ്യ പ്രതികരണങ്ങളും തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് പരാതി പരിഹാര സമിതി പുനഃസംഘടിപ്പിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.
Be the first to comment