പരീക്ഷാപ്പേടി അകറ്റാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനൽ ചൂടിനൊപ്പം പരീക്ഷാക്കാലവും തുടങ്ങുകയാണ്. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ടെൻഷൻ കൂടുന്ന കാലം. ഈ കാലയളവിൽ കുട്ടികൾ  ഉറക്കവും ഭക്ഷണവും ഒഴിവാക്കി പഠിത്തത്തിൽ മുഴുകും. എന്നാൽ ഇത് അത്ര നല്ല ശീലമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

പഠനത്തിനൊപ്പം ശരീരികവും മാനസികവുമായ ആരോ​ഗ്യവും പ്രധാനമാണ്. കുട്ടികളുടെ ഭക്ഷണരീതിയിൽ പ്രഭാത ഭക്ഷണം മുതൽ രാത്രിയിൽ കഴിക്കുന്ന അത്താഴം വരെ ശ്രദ്ധയോടെ ക്രമീകരിക്കണം.

പ്രഭാത ഭക്ഷണം

ആവിയിൽ വേവിച്ച ഭക്ഷണങ്ങളാണ് പ്രഭാത ഭക്ഷണത്തിന് അനുയോജ്യം. ഇത് ദഹനത്തിന് മികച്ചതാണ്. പാൽ, മുട്ട, പയറുവർ​ഗങ്ങൾ എന്നിവ രാവിലെത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ റ്റൈറോസിന്റെ (അമിനോആസിഡ്) അളവിനെ വർധിപ്പിക്കുകയും കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വയറു നിറച്ചു മൂന്ന് നേരം കഴിക്കുന്നതിന് പകരം, ഇടവിട്ട് പോഷകമൂല്യമുള്ള ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കുട്ടി ഉന്മേഷവാനായിരിക്കുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും സഹായിക്കുന്നു. ദിവസം മുഴുവൻ നല്ലതു പോലെ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

ജലാംശം

ജലാംശം ശരീരത്തിൽ കുറഞ്ഞാൽ അതു പഠനത്തെ കാര്യമായി ബാധിക്കും. അതുകൊണ്ട് ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച്, മാതളനാരങ്ങ, കുക്കുമ്പർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാ വെള്ളം, മോരിൻ വെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവയും കുടിക്കാം.

വിറ്റാമിൻ ബി, സി, സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. കൂടാതെ സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനത്തെ ചെറുക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ മികച്ചതാണ്. പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയ ഫൈറ്റോന്യൂട്രിയൻസുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

അത്താഴം

അത്താഴം അത്തിപ്പഴത്തോളം എന്നാണെല്ലോ.., കൊഴുപ്പ് കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ലളിതമായ ഭക്ഷണം വേണം അത്താഴത്തിന് തയ്യാറാക്കാൻ. അമിതമായ മധുരമോ എരുവോ അടങ്ങിയ ഭക്ഷണം ഒഴിവാക്കാം.

ഉറക്കം

ഉറക്കം കളഞ്ഞു പഠനം അത്ര സുരക്ഷിതമല്ല. ഉറക്കം തലച്ചോറിലെ കോശങ്ങൾക്ക് വിശ്രമം നൽകുകയും ഉണർവും ഉന്മേഷവും പ്രധാനം ചെയ്യുകയും ചെയ്യുന്നു. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. പരീക്ഷാത്തലേന്ന് ഉറക്കമിളക്കരുത്. ഉറങ്ങാൻ പോകുന്നതിന് 2 മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം.

വ്യായാമം

രാവിലെ 30 മിനിറ്റ് വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുന്നത് മസ്തിഷ്കത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ആത്മവിശ്വാസം ഉണർത്തുകയും ചെയ്യും. നാരുകൾ നീക്കിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ (മൈദ ചേർത്തിട്ടുള്ള ആഹാരങ്ങൾ), ചോക്ലേറ്റ്, ബേക്കറി പലഹാരങ്ങൾ, കോള പാനീയങ്ങൾ, പായ്ക്കറ്റ്, ഫുഡുകൾ, അമിതമായി മധുരം ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*