
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വകുപ്പിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് നോട്ടീസെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി തീരുമാനിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഡോ. ഹാരിസിന് നോട്ടീസ് നല്‍കിയത്. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളജിലെ എച്ച്ഡിസി സെക്രട്ടറിയായ സൂപ്രണ്ടിന്റെ പര്‍ച്ചേസിങ് അധികാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഉന്നത തല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് എംപിയുടെ ഫണ്ടില്‍ നിന്നും വാങ്ങിച്ച ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണത്തിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണം കൂടി നടത്തി, ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. മുന്‍കാലത്തേക്കാള്‍ കൂടുതല്‍ ഫണ്ട് ഉപകരണങ്ങള്‍ വാങ്ങാനായി ഈ സര്‍ക്കാരിന്റെ കാലത്ത് ചെലവഴിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Be the first to comment