പണ്ടേ ചായ മലയാളിക്കള്‍ക്കൊരു വീക്ക്‌നസ് ആണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നതു വരെ ചിലപ്പോള്‍ അഞ്ച് ആറോ തവണ ചായ കുടിക്കുന്ന ശീലമുള്ളവരുണ്ട്. ചായ അല്ലെ കളയണ്ടല്ലോ എന്ന് കരുതി, തണുത്തു പോയ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവരുമുണ്ട്.
എന്നാല്‍ ഒരു തവണ ഉണ്ടാക്കിയ ചായ ഇങ്ങനെ വീണ്ടും വീണ്ടും തിളപ്പിച്ചു കുടിക്കുന്ന ശീലമുണ്ടെങ്കില്‍, അത് അത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജേണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് അഞ്ച് തരം ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ദഹനക്കേട്, പോഷകക്കുറവ്, ദഹനവ്യവസ്ഥയില്‍ അസ്വസ്ഥ തുടങ്ങിയവയാണ് അത്.
വീണ്ടും ചൂടാക്കുന്ന ചായ സുരക്ഷിതമല്ല
ചായ വീണ്ടും ചൂടാക്കുന്നത് അതിന്റെ രുചി, മണം, രാസഘടന എന്നിവയിൽ മാറ്റങ്ങൾ വരുത്തും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോള്‍ അതിലെ ടാനിനുകളുടെ സാന്ദ്രത വര്‍ധിക്കുകയും ചായ കയ്പ്പ് ചുവയുള്ളതാക്കുകയും ചെയ്യും. ഇത് ചായയ്ക്ക് അസിഡിക്ക് സ്വഭാവം നല്‍കും. അസിഡിറ്റി നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിബിള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. ആസിഡ് സംവേദനക്ഷമതയുള്ള ആളുകള്‍ വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് വയറുവീര്‍ക്കാനും അസ്വസ്ഥത അനുഭവപ്പെടാനും കാരണമാകും. മാത്രമല്ല, ദഹനസംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ഇത് ബാധിക്കും.
ബാക്ടീരിയ പെരുകും
ചായ ഉണ്ടാക്കിയ ശേഷം സാധാരണ താപനിലയിൽ കൂടുതൽ നേരം വെയ്ക്കുന്നത്, അതിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇങ്ങനെ വളരുന്ന ബാക്ടീരിയകളെ ചായ വീണ്ടും ചൂടാക്കിയാലും നശിപ്പിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും.
ഗുണം നഷ്ടമാകും
ചായയുടെ ഏറ്റവും പ്രധാന ഗുണമായ ആന്‍റിഓക്സിഡന്‍റുകള്‍ ഇത്തരത്തില്‍ ചായ വീണ്ടും ചൂടാക്കുമ്പോള്‍ നശിക്കാന്‍ കാരണമാകും. കാറ്റെച്ചിനുകൾ, പോളിഫെനോളുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ചായ. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.



Be the first to comment