മധുരമൂറുന്ന ചോക്ലേറ്റിനുമുണ്ട്, വെറൈറ്റികൾ

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ആഘോഷ വേളകളിലും സ്നേഹം പങ്കിടുമ്പോഴുമൊക്കെ ചോക്ലേറ്റിന്റെ മധുരം തന്നെയാണ് താരം. ചോക്ലേറ്റ് എന്ന് ചിന്തിക്കുമ്പോൾ കടുത്ത ബ്രൗൺ നിറത്തിൽ വർണകടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് ബാറുകളായിരിക്കും പലരുടെയും മനസിൽ തെളിയുക, എന്നാൽ ചോക്ലേറ്റിലുമുണ്ട് വെറൈറ്റികൾ. കൊക്കോയുടെ അളവും മധുരവും മറ്റു ഘടകങ്ങളും അനുസരിച്ചാണിത്.

ഡാർക്ക് ചോക്ലേറ്റ്

കുറച്ചു കയ്പ്പനാണെങ്കിലും ആരോ​ഗ്യ​ഗുണങ്ങൾ കൊണ്ട് കേമൻ ഡാർക്ക് ചോക്ലേറ്റ് തന്നെയാണ്. ഡാർക്ക് ചോക്ലേറ്റ് പ്രധാനമായും കൊക്കോ സോളിഡ്, കൊക്കോ ബട്ടർ എന്നിവയിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. മറ്റ് തരത്തിലുള്ള ചോക്ലേറ്റുകളെ അപേക്ഷിച്ച് ഡാർക്ക് ചോക്ലേറ്റിൽ കൊക്കോ സോളിഡുകളുടെ ഉയർന്ന ശതമാനവും പഞ്ചസാരയുടെ അളവ് കുറവുമായിരിക്കും.

ചോക്ലേറ്റ് ലിക്കർ

പേര് സൂചിപ്പിക്കുന്ന പോലെ ഈ ചോക്ലേറ്റിൽ മദ്യം അടങ്ങിയിട്ടില്ല. ഇത് കൊക്കോ ബീൻസിൽ നിന്ന് നിർമ്മിക്കുന്ന ശുദ്ധമായ ചോക്ലേറ്റ് ലായനിയാണ്. ഇതില്‍ ഏതാണ്ട് തുല്യ അളവില്‍ കൊക്കോ ബട്ടറും കൊക്കോ സോളിഡും അടങ്ങിയിട്ടുണ്ട്. ഇതിന് തീരെ മധുരം ഉണ്ടാകില്ല. ചോക്ലേറ്റ് ചേര്‍ന്ന ഉല്‍പന്നങ്ങൾ ഉണ്ടാക്കാനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. മധുരം, ഫ്ലേവറുകൾ മുതലായവ ആവശ്യാനുസരണം ചേർത്ത് ഈ ചോക്ലേറ്റ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

വൈറ്റ് ചോക്ലേറ്റ്

ചോക്ലേറ്റിന്റെ സാധാരണ കടുത്ത ബ്രൗൺ നിറത്തിൽ നിന്ന് മാറി ഇളം നിറത്തിലാണ് വൈറ്റ് ചോക്ലേറ്റ്. കൊക്കോ സോളിഡ്സ് ഉൾപ്പെടുത്താതെ കൊക്കോ വെണ്ണ, പഞ്ചസാര, പാൽ എന്നിവയാണ് വൈറ്റ് ചോക്ലേറ്റിന്റെ പ്രധാന ചേരുവകൾ. ക്രീം ഫ്ലേവറാണ് ഇവയ്ക്കുള്ളത്. കൊക്കോ സോളിഡുകളുടെ അളവ് തീരെ കുറവായതിനാൽ ഇത് ചോക്ലേറ്റ് അല്ലെന്ന് വാദിക്കുന്നവരുമുണ്ട്.

റൂബി ചോക്ലേറ്റ്

2017ൽ സ്വിസ് ചോക്ലേറ്റ് നിർമാതാവ് ബാരി കോളെബോട്ട് ആണ് റൂബ് ചോക്ലേറ്റ് കണ്ടുപിടിച്ചത്. ഭംഗിയുള്ള പിങ്ക് നിറം തന്നെയാണ് ഈ ചോക്ലേറ്റിനെ വ്യത്യസ്തമാക്കുന്നത് ഒപ്പം ഫ്രൂട്ടി ടേസ്റ്റും. ബീനുകളും നാച്ചുറൽ ബെറി ഫ്ലേവറും നാരങ്ങാ ഫ്ലേവറും ചേർത്താണ് ഈ ചോക്ലേറ്റ് നിർമ്മിക്കുന്നത്. മറ്റ് ചോക്ലേറ്റുകളിൽ നിന്നും വ്യത്യസ്തമായി ഇതിന് ഒരല്പം പുളിരസമുണ്ട്.

ബിറ്റർസ്വീറ്റ് ചോക്ലേറ്റ്

ഉയർന്ന ശതമാനം കൊക്കോ സോളിഡ് അടങ്ങിയ ഡാർക്ക് ചോക്ലേറ്റാണ് ബിറ്റർസ്വീറ്റ് ചോക്ലേറ്റ്. മറ്റ് തരത്തിലുള്ള ചോക്ലേറ്റുകളെ അപേക്ഷിച്ച് മധുരം തീരെ കുറവുമാണ് എന്നാൽ കട്ടി കൂടുതലുമാണ്. ബിറ്റർസ്വീറ്റ് ചോക്കലേറ്റ് സാധാരണയായി ബേക്കിംഗിലും പാചകത്തിലുമാണ് ഉപയോഗിക്കുന്നത്. ഇവയിൽ ഉയർന്ന അളവിൽ ധാകുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും പ്രോട്ടീനും നാരുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*