സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.
തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139. 20 അടിയായി. സെക്കൻ്റിൽ 17,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. 8, 800 ഘനയടി വെള്ളം പെരിയാറിലേക്ക് തുറന്ന് വിടുന്നുണ്ട്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണ്.



Be the first to comment