
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടർകോർപ്പിന് പുതിയ സിഇഒ. ഹർഷവർദ്ധൻ ചിത്താലെയെയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചിരിക്കുന്നത്. 2026 ജനുവരി മുതലാണ് ചിത്താലെ ചുമലയേൽക്കുക. മുൻ സിഇഒ നിരഞ്ജൻ ഗുപ്ത സ്ഥാനമൊഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണ് പുതിയ സിഇഒയെ പ്രഖ്യാപിക്കുന്നത്. നിലവിൽ ആക്ടിംഗ് സിഇഒയും ചീഫ് ടെക്നോളജി ഓഫീസറുമായ (സിടിഒ) വിക്രം കസ്ബേക്കറാണ് കമ്പനിയെ നയിക്കുന്നത്.
ബി2ബി, ബി2സി മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ നേതൃത്വപരിചയമുള്ള ആളാണ് ഹർഷവർദ്ധൻ ചിത്താലെ. ലൈറ്റിങ് സൊല്യൂഷനുകളിലെ ആഗോള പ്രമുഖരായ സിഗ്നിഫൈയുടെ നാല് ബില്യൺ യൂറോയുടെ പ്രൊഫഷണൽ ബിസിനസിന്റെ ഗ്ലോബൽ സിഇഒ ആയാണ് അടുത്തിടെ അദ്ദേഹം സേവനമനുഷ്ഠിച്ചത്. സിഗ്നിഫൈ, ഫിലിപ്സ് ലൈറ്റിംഗ് ഇന്ത്യ, എച്ച്സിഎൽ ഇൻഫോസിസ്റ്റംസ്, ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ എന്നിവയുൾപ്പെടെയുള്ള മുൻനിര ബഹുരാഷ്ട്ര കമ്പനികളിൽ അദ്ദേഹം മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഫിലിപ്സ് ലൈറ്റിംഗ് ഇന്ത്യയിൽ, കമ്പനിയെ ഒരു സ്വതന്ത്ര ലിസ്റ്റഡ് സ്ഥാപനമാക്കി മാറ്റുന്നതിന് നേതൃത്വം നൽകുകയും അതിന്റെ വിപണി നേതൃത്വം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. ഐഐടി ഡൽഹി പൂർവ്വ വിദ്യാർത്ഥിയും ഡയറക്ടറുടെ സ്വർണ്ണ മെഡൽ ജേതാവുമായ ചിത്താലെ ഇലക്ട്രിക് വാഹനങ്ങൾ, ക്ലീൻ എനർജി, ഹെൽത്ത്-ടെക്, അഗ്രി-ടെക് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ സജീവമായ നിക്ഷേപകൻ കൂടിയാണ്. ചിത്താലെയുടെ നിയമനത്തിന് ശേഷവും ആക്ടിംഗ് സിഇഒ കസ്ബേക്കർ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ടെക്നോളജി ഓഫീസറുമായി തുടരും.
Be the first to comment