ഹൈക്കമാന്റ് ആശങ്കയില്‍; കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കും; ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനും ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം.

ഇതിന്റെ ഭാഗമായി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് നേതാക്കളെ ഉടന്‍ കളത്തിലിറക്കാനാണ് നീക്കം.തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കള്‍ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. കേരളത്തില്‍ തദ്ദേശ തിരിഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് കെ പി സി സിയുടെ പുതിയ ഭാരവാഹികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് സജ്ജരാക്കുക, വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ ഭാരവാഹികളായി നിശ്ചയിക്കുക തുടങ്ങിയ ഭാരിച്ച ചുമതലള്‍ ബുത്ത് തലം മുതല്‍ കൈമാറേണ്ടതുണ്ട്. കേരളത്തിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകള്‍ പിടിച്ചെടുക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് നേരത്തെ ചുമതലകള്‍ കൈമാറിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഒഴികെ മറ്റെല്ലാ കോര്‍പ്പറേഷനുകളിലും നിലവില്‍ ഭരണം എല്‍ ഡി എഫിനാണ്. തൃശ്ശൂര്‍, കൊച്ചി കോര്‍പ്പറേഷന്‍ ഭരണം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടതാണ്. വിമതരുടെ വിജയമായിരുന്നു ഈ രണ്ടു കോര്‍പ്പറേഷനും നഷ്ടപ്പെടാന്‍ കാരണമായത്. തൃശ്ശൂരില്‍ കോണ്‍ഗ്രസ് വിമതന്‍ പിന്നീട് എല്‍ ഡി എഫ് പിന്തുണയോടെ മേയറായി.

ഇത്തവണ തിരുവനന്തപുരം ബിജെപി പിടിക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കയാണ്. ഇത് തടയാനായില്ലെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാവും. പാലക്കാട്, പന്തളം നഗരസഭകള്‍ ബി ജെ പിയില്‍ നിന്നും തിരിച്ചുപിടിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവിടുങ്ങളിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ജില്ലാ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

ജില്ലാ കോണ്‍ഗ്രസിലും പുനസംഘടനയുണ്ടാവുമെന്ന് നേരത്തെ എ ഐ സി സി നേതൃത്വം സൂചനകള്‍ നല്‍കിയിരുന്നു. പുനസംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതോടെ നടപടികള്‍ പാതിവഴിയില്‍ അവസാനിച്ചു. പുതിയ ഭാരവാഹികളാവാനായി തയ്യാറെടുപ്പുകള്‍ നടത്തിയവര്‍ നിരാശരായി. ഇതെല്ലാം താഴേക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് നിയമനവുമായി ബന്ധപ്പെട്ടുടലെടുത്ത വിവാദങ്ങള്‍, രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം എന്നിവയും സാധാ പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് ശക്തമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് ചില നീക്കങ്ങളിലൂടെ വോട്ടുറപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ഇത്തരം നീക്കങ്ങളെ പ്രായോഗികമായി നേരിടുകയെന്നാതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ഇതിനിടയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പരസ്യമായ അഭിപ്രായ ഭിന്നതകള്‍ തലപൊക്കുന്നത്. കെ പി സി സി പുനസംഘടനയുടെ ഭാഗമായി ജംബോ കമ്മിറ്റി വേണ്ടെന്ന നിലപാടായിരുന്നു എ ഐ സി സി നേതൃത്വത്തിന്. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പിസം അപകടകരമായ അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞതോടെ ദേശീയ നേതൃത്വം ജംബോ കമ്മിറ്റിക്ക് അനുമതി നല്‍കുകയായിരുന്നു. പരമാവധി പേരെ ഗ്രൂപ്പടിസ്ഥാനത്തില്‍ കുത്തിനിറച്ചാണ് കമ്മിറ്റി പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം പരമാവധി വര്‍ധിപ്പിച്ചാണ് എല്ലാ ഗ്രൂപ്പുകളുടേയും പരിഗണിച്ചത്. എന്നിട്ടും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും പ്രതിഷേധമുയര്‍ത്തി. കെ മുരളീധരന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കാത്തതാണ് ഒരു പ്രധാന ആരോപണമായി ഉയര്‍ന്നത്.

പാര്‍ട്ടിയില്‍ പരിഗണിക്കപ്പെടുന്നില്ലെന്ന തോന്നലാണ് ചാണ്ടി ഉമ്മനെ രോഷാകുലനാക്കിയത്. അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ച പാര്‍ട്ടിയിലെ ചില നേതാക്കളെ വിമര്‍ശിച്ച കെ മുരളീധരന്‍ പറഞ്ഞത് പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലെന്നും, പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുകയാണ് വേണ്ടതെന്നുമായിരുന്നു. അതേ മുരളീധരന്‍ കെ പി സി സി പുനസംഘടയില്‍ സ്വന്തക്കാരനെ പരിഗണിക്കാതെ വന്നതോടെ പ്രതിഷേധവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കി.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ റാലിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചതോടെ നേതൃത്വം ആശങ്കയിലായി. പിന്നീട് നേതൃത്വം ഇടപെട്ട് മുരളീധരനെ അനുനയിപ്പിച്ച് പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുന്നു .കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് അഭിപ്രായ ഭിന്നതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ഗുരുതരമാണെന്ന ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെ സി വേണുഗോപാല്‍ നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്. കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നത് സ്വന്തക്കാരെ തിരുകി കയറ്റാനാണെന്ന ആരോപണവും കെ സി വേണുഗോപാല്‍ നേരിടുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെ പി സി സി വിഷയങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുക. ഇതിനിടയില്‍ അബിന്‍ വര്‍ക്കി, ചാണ്ടി ഉമ്മന്‍ എന്നിവരെ കൈവിടില്ലെന്ന ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പും യു ഡി എഫിനുമുന്നില്‍ ഒരു പ്രധാന വിഷയമായി ഉയരുകയാണ്.

കേരളത്തില്‍ ഏതുവിധേനെയും അധികാരം പിടിക്കുകയെന്ന ഹൈക്കമാന്റിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ എ ഐ സി സി നേതൃത്വത്തിന്റെ പ്രത്യേക മേല്‍നോട്ടം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവും. സംഘടനാ വിഷയങ്ങള്‍ ഉടന്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധമാറ്റുമെന്നാണ് എ ഐ സി സി നേതൃത്വം വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*