‘കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം?’; ഷഹബാസ് കേസില്‍ ഹൈക്കോടതി

കോഴിക്കോട് താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന് എതിരെ ഹൈക്കോടതി. ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് വിമര്‍ശനം. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നു ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. കുട്ടികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കും. സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

കേസില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം തള്ളിയിരുന്നു. വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയാല്‍ അവരുടെ ജീവന് ഭീഷണിയുണ്ടെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നത്. തുടര്‍ന്ന് പുതിയ ജാമ്യ അപേക്ഷയാണ് വിദ്യാര്‍ഥികള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ 80 ദിവസമായി റിമാന്‍ഡില്‍ തുടരുകയാണെന്നും ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം. നേരത്തെയുള്ള സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ട് എന്ന കാര്യവും ഇവര്‍ കോടതിയെ അറിയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*